കണ്ണൂർ കൊട്ടിയൂര്‍ ക്ഷേത്രത്തിൽ ജയസൂര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ നടന്റെ കൂടെയുണ്ടായിരുന്നവർ മർദിച്ചതായി പരാതി. ദേവസ്വം ചുമതല നൽകിയ സജീവന്‍ നായർക്കാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ കഴിയും വരെ ഫോട്ടോയെടുക്കാന്‍ സജീവനെ കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പാടാക്കിയിരുന്നു. രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതു പ്രകാരമാണ് സജീവന്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. ദൃശ്യങ്ങള്‍ എടുത്ത സജീവനെ നടന്റെ ഒപ്പം ഉള്ളവർ വിലക്കി. ജയസൂര്യയുടെ ചിത്രം എടുക്കരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ക്യാമറ തകർത്തെന്നും മർദിച്ചുവെന്നുമാണ് സജീവന്റെ പരാതി.
മര്‍ദനമേറ്റ സജീവന്‍ കൊട്ടിയൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. കേളകം പൊലീസില്‍ പരാതിയും നല്‍കി. സംഭവത്തിൽ ജയസൂര്യ പ്രതികരിച്ചില്ല.