MOVIES

'കുച്ച് കുച്ച് ഹോത്താ ഹേ' 26 വര്‍ഷം പിന്നിടുമ്പോള്‍...; ഓര്‍മ്മകള്‍ പങ്കുവെച്ച് കരണ്‍ ജോഹര്‍

ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ചിത്രം വലിയ വിജയമായിരുന്നു

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് ചിത്രം കുച്ച് കുച്ച് ഹോത്താ ഹേ 26-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനായ കരണ്‍ ജോഹര്‍ സമൂഹമാധ്യമത്തില്‍ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചു. കുച്ച് കുച്ച് ഹോത്താ ഹേയുടെ ബിടിഎസ് വീഡിയോ ആണ് കരണ്‍ ജോഹര്‍ പങ്കുവെച്ചത്. ഷാരൂഖ് ഖാന്‍, കാജോള്‍, റാണി മുഖര്‍ജി എന്നിവരാണ് വീഡിയോയില്‍ ഉള്ളത്. തന്റെ ആദ്യ സിനിമയായ കുച്ച് കുച്ച് ഹോത്താ ഹേയെ കുറിച്ച് കരണ്‍ ജോഹര്‍ ആരാധകര്‍ക്കായി ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

'കൂള്‍ നെക്ക് ചെയിന്‍, നിയോണ്‍ ഷര്‍ട്ടുകള്‍, പിങ്ക് ഹെഡ് ബാന്‍ഡ്‌സ്, ഡാന്‍സിങ് മാത്രമുള്ള സമ്മര്‍ ക്യാമ്പ്. ബാസ്‌ക്കറ്റ് ബോളില്‍ കാണിക്കുന്ന ചതി. പ്രണയമായി മാറിയ സൗഹൃദം. സംവിധായകന്‍ എന്ന നിലയില്‍ എന്റെ ആദ്യത്തെ സിനിമ. സെറ്റിലെ മികച്ച കാസ്റ്റിനും ക്ര്യൂവിനും. ആദ്യ ഷൂട്ടിംഗ് ദിനത്തെ ഓര്‍മ്മകള്‍ 26 വര്‍ഷങ്ങള്‍ക്കിപ്പുറവും അതുപോലെ നിലനിര്‍ത്തുന്നതിന്', എന്നാണ് കരണ്‍ ജോഹര്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

പോസ്റ്റിന് താഴെ ആരാധകര്‍ നിരവധി കമന്റുകള്‍ ചെയ്തിട്ടുണ്ട്. നമ്മള്‍ വളര്‍ന്നത് ഈ സിനിമ കണ്ടിട്ടാണ്, പ്യാര്‍ ദോസ്തി ഹേ, കെജോയും എസ്ആര്‍കെയും ദി ഐകോണിക് ഡുവോ തിരിച്ചുവരൂ എന്നെല്ലാമാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍. ഈ സിനിമ ബോളിവുഡിലെ മികച്ച ചിത്രങ്ങളിലൊന്നാണെന്നും ഒരു തലമുറയെ വളര്‍ത്തിയ സിനിമയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു എന്നും കമന്റുകള്‍ ഉണ്ട്.

അതിമനോഹരമായ കഥയും താരങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയുമാണ് കുച്ച് കുച്ച് ഹോത്താ ഹേയുടെ പ്രത്യേകത. ഷാരൂഖ് ഖാന്‍, കജോള്‍, റാണി മുഖര്‍ജി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍, അര്‍ച്ചനാ പൂരന്‍ സിംഗ്, ജോണി ലീവര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്. ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ചിത്രം വലിയ വിജയമായിരുന്നു.

SCROLL FOR NEXT