MOVIES

ദളപതി 69 ന്റെയും ടോക്സിക്കിന്‍റെയും നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ബോളിവുഡിലേക്ക്; അരങ്ങേറ്റം പ്രിയദർശനൊപ്പം

തെസ്‌പിയൻ ഫിലിംസ് എന്ന ബാനറുമായി ചേർന്നായിരിക്കും കെവിഎൻ പ്രൊഡക്ഷൻസിന്റെ അരങ്ങേറ്റം.

Author : ന്യൂസ് ഡെസ്ക്

നടൻ വിജയ് നായകനാകുന്ന ദളപതി 69 ന്റെയും യഷിന്റെ ടോക്സിക് എന്നീ ചിത്രങ്ങളുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ബോളിവുഡിലേക്ക്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും കെവിഎൻ പ്രൊഡക്ഷൻസ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുക. പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, തെസ്‌പിയൻ ഫിലിംസുമായി ചേർന്നായിരിക്കും കെവിഎൻ പ്രൊഡക്ഷൻസിന്റെ അരങ്ങേറ്റം. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാരുടെ പദ്ധതി.


അതേസമയം, അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ഭൂത് ബംഗ്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈയിടെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഹൊറര്‍ കോമഡിയാണ്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഏക്ത കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.


2010ല്‍ പുറത്തിറങ്ങിയ ഖട്ടാ മീട്ടയാണ് അക്ഷയ് കുമാറും പ്രിയദർശനും അവസാനമായി ഒന്നിച്ച സിനിമ. മോഹന്‍ലാല്‍ ചിത്രം വെള്ളാനകളുടെ നാടിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. 2021ല്‍ പുറത്തിറങ്ങിയ ഹങ്കാമ 2ന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണിത്.

SCROLL FOR NEXT