എമ്പുരാൻ പോസ്റ്റർ Source: News Malayalam 4x7
MOVIES

എമ്പുരാൻ വ്യാജപ്രിൻ്റിന് പിന്നിൽ വൻ സംഘം; ചോർന്നത് തിയേറ്ററിൽ നിന്നെന്ന് നിഗമനം

അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ആൻ്റണി പെരുമ്പാവൂരിൻ്റെയും പൃഥ്വിരാജിൻ്റെയും മൊഴി എടുത്തു.

Author : ന്യൂസ് ഡെസ്ക്

എമ്പുരാൻ സിനിമയുടെ വ്യാജ പ്രിൻ്റ് നിർമാണത്തിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ. എമ്പുരാൻ സിനിമ ചോർന്നത് തിയേറ്ററിൽ നിന്നാണെന്നാണ് നിഗമനം. പാപ്പിനിശേരിയിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്ന് വ്യാജപതിപ്പ് പിടിച്ച കേസിലാണ് കണ്ടെത്തൽ. വളപട്ടണം പൊലീസിൻ്റെ അന്വേഷണത്തിലാണ് വ്യാജ പതിപ്പ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ‌‌സംഭവത്തിൽ പൊലീസ് ആൻ്റണി പെരുമ്പാവൂരിൻ്റെയും പൃഥ്വിരാജിൻ്റെയും മൊഴി എടുത്തു. പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് പറയുന്നു.

വീഡിയോ പരിശോധിച്ചപ്പോൾ അതിൻ്റെ ക്ലാരിറ്റിയും ക്വാളിറ്റിയും കണ്ട് സംശയം തോന്നി, അതിൽ കൂടുതൽ അന്വേഷണം നടത്തിയെന്നും, ഇപ്പോൾ അതിൽ കൂടുതൽ വ്യക്തത വന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോ​ഗസ്ഥ‍ർ പറയുന്നു. ശാസ്ത്രീയ തെളിവുകളായ സിഡികൾ സൈബർ പൊലീസിനും മറ്റും അയച്ചുകൊടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയുടെ ഫലം വരുന്നതിനനുസരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തിയേറ്ററുകൾ കേന്ദ്രീകരിച്ച് പ്രവ‍ർത്തിക്കുന്ന ഒരു വൻ സംഘം തന്നെയാണ് ഇത്തരത്തിൽ വ്യാജ പതിപ്പുകൾ പുറത്തുവിടുന്നത് എന്ന കണ്ടെത്തൽ ഫലപ്പെടുത്തുന്ന തരത്തിലാണ് പുറത്തുവരുന്ന വിവരം.

ഏപ്രിൽ ഒന്നാം തീയതിയായിരുന്നു കണ്ണൂരിലെ പാപ്പിനിശേരിക്കടുത്തുള്ള തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന കമ്പ്യൂട്ട‍ർ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ്റെ വ്യാജപതിപ്പ് പൊലീസ് പിടിച്ചെടുക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുട‍ർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജപതിപ്പ് പിടിച്ചെടുത്തത്.

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിവാദമായിരുന്നു. വലിയ തോതിലുള്ള ആക്രമണങ്ങളാണ് തീവ്ര വലതുപക്ഷത്തിന്റെ ഭാഗത്തു നിന്നും സിനിമയ്ക്ക് നേരെ ഉണ്ടായത്. സിനിമക്കെതിരെ സംഘപരിവാർ രംഗത്തെത്തിയതിന് പിന്നാലെ 24 സീനുകൾ ചിത്രത്തിൽ നിന്ന് മുറിച്ച് മാറ്റിയിരുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്നായിരുന്നു ഹിന്ദുത്വ- സംഘപരിവാർ സംഘടനകളുടെ ആവശ്യം. വിവാദങ്ങള്‍ കടുത്തതോടെയാണ് റീ സെന്‍സറിങ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായത്. പൃഥ്വിരാജ് സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്.

SCROLL FOR NEXT