MOVIES

'ഹിന്ദു വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു'; കല്‍ക്കി 2898 എഡി സിനിമക്കെതിരെ നിയമ നടപടി

മുന്‍ കോണ്‍ഗ്രസ് നേതാവും കൽക്കി ധാം പീഠാധീശ്വരനുമായ ആചാര്യ പ്രമോദ് കൃഷ്ണം ആണ് സിനിമയുടെ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

Author : ന്യൂസ് ഡെസ്ക്

പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡിക്കെതിരെ നിയമനടപടി. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുകയും ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥത്തെ വളച്ചൊടിച്ചുവെന്നും ആരോപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും കൽക്കി ധാം പീഠാധീശ്വരനുമായ ആചാര്യ പ്രമോദ് കൃഷ്ണം ആണ് സിനിമയുടെ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. നടന്‍ മുകേഷ് ഖന്നയും സമാനമായ ആരോപണങ്ങളുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

" ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥങ്ങളെ വളച്ചൊടിക്കാന്‍ ആര്‍ക്കും അവകാശമില്ല, എന്നാല്‍ ഹൈന്ദവ ഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. കല്‍ക്കി മഹാവിഷ്ണുവിന്‍റെ അവസാനത്തെ അവതാരമായിരിക്കും. പല പുരാണങ്ങളും അദ്ദേഹത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. കല്‍ക്കി ജന്മമെടുക്കുന്ന ഉത്തര്‍പ്രദേശിലെ ശംഭാലില്‍ പണികഴിപ്പിക്കുന്ന കല്‍ക്കി ധാം ക്ഷേത്രത്തിന് കഴിഞ്ഞ ഫെബ്രുവരി 19ന് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. ലോകം മുഴുവന്‍ കല്‍ക്കിയുടെ വരവിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഈ സിനിമ ആളുകള്‍ക്ക് ഒരു തെറ്റായ സന്ദേശമാണ് നല്‍കുന്നത് " - ആചാര്യ പ്രമോദ് കൃഷ്ണം പിടിഐയോട് പറഞ്ഞു.

'കൽക്കി' എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ നിർമാതാക്കള്‍, വിതരണക്കാർ, അഭിനേതാക്കൾ, എഴുത്തുകാർ എന്നിവർക്ക് കൽക്കി ധാം പീഠാധീശ്വര്‍ ആചാര്യ പ്രമോദിൻ്റെ പേരിൽ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. അവർ ഈ സിനിമയിൽ കൽക്കി ഭഗവാനെ പൂർണ്ണമായും വളച്ചൊടിക്കുകയും വിശ്വാസികളെ തെറ്റിധരിപ്പിച്ചിരിക്കുകയുമാണെന്ന് ആചാര്യ പ്രമോദിൻ്റെ അഭിഭാഷകൻ ഉജ്വൽ ആനന്ദ് ശർമ്മ പറഞ്ഞു.

മുന്‍പ്, രാഹുല്‍ ഗാന്ധിയെ 'ഭ്രാന്തന്‍ 'എന്ന് വിളിക്കുകയും രാഹുല്‍ ഉള്ളിടത്തോളം കാലം കോണ്‍ഗ്രസിനെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്ന പ്രസ്താവനയെ തുടര്‍ന്ന് ആചാര്യ പ്രമോദ് കൃഷ്ണം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അച്ചടക്കമില്ലായ്മ ആരോപിച്ച് പ്രമോദ് കൃഷ്ണയെ ഫെബ്രുവരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.

ദക്ഷിണേന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളായ അശ്വിനി ദത്തിന്റെ വൈജയന്തി മൂവീസാണ് 600 കോടി ബജറ്റില്‍ കല്‍ക്കി 2898 എഡി നിര്‍മിച്ചത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം ആഗോള കളക്ഷനില്‍ 1000 കോടി പിന്നിട്ടിരുന്നു. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ശോഭന തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

SCROLL FOR NEXT