നെറ്റ്ഫ്‌ലിക്‌സ് സീരീസായ സ്‌ക്വിഡ് ഗെയിം ആഗോള പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സീരീസിന്റെ രണ്ടാം സീസണ്‍ 2024 അവസാനമാണ് റിലീസ് ചെയ്തത്. അതോടൊപ്പം നെറ്റ്ഫ്‌ലിക്‌സ് മൂന്നാം സീസണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മൂന്നാം സീസണില്‍ ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോയും പ്രധാന കഥാപാത്രമാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ നെറ്റ്ഫ്‌ലിക്‌സ് വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. ആ വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്നാണ് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചിരിക്കുന്നത്.
റൂമര്‍ ആരംഭിക്കുന്നത്, ലിയോനാര്‍ഡോ ഡികാപ്രിയോ സീസണ്‍ 3ല്‍ കാമിയോ റോളില്‍ എത്തുന്നു എന്ന് OSEN റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ്. രഹസ്യമായിട്ടായിരിക്കും ചിത്രീകരണം നടക്കുക എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വളരെ ചെറിയ റോളാണ് ലിയോനാര്‍ഡോ ഡികാപ്രിയോ ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.
'റൂമറുകളെല്ലാം തന്നെ തെറ്റാണ്. ലിയോനാര്‍ഡോ ഡികാപ്രിയോ സ്‌ക്വിഡ് ഗെയിം സീസണ്‍ 3യുടെ ഭാഗമാകുന്നു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്', എന്നാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം.
2025ല്‍ തന്നെ സീസണ്‍ 3യും സ്ട്രീം ചെയ്യുമെന്ന വാര്‍ത്ത ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്. 2024 അവസാനത്തില്‍ പുറത്തിറങ്ങിയ സീസണ്‍ 2 ഇതിനോടകം 68 മില്യണ്‍ കാഴ്ച്ചക്കാരെയാണ് നേടിയിരിക്കുന്നത്.