ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ. റഹ്മാന്‍ 
MOVIES

ഇനി 'ബോളിവുഡ് ഡയറീസ്'; ഹിന്ദിയില്‍ റൊമാന്റിക് ചിത്രവുമായി ലിജോ ജോസ് പെല്ലിശ്ശേരി, സംഗീതം റഹ്മാന്‍

പ്രശസ്ത ഹിന്ദി സംവിധായകന്‍ ഹൻസൽ മേത്ത ആയിരിക്കും സിനിമ നിർമിക്കുക

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പ്രണയ ചിത്രവുമായാണ് ലിജോയുടെ ബോളിവുഡ് അരങ്ങേറ്റം. പ്രശസ്ത ഹിന്ദി സംവിധായകന്‍ ഹൻസൽ മേത്ത ആയിരിക്കും സിനിമ നിർമിക്കുക. ഈ റൊമാന്റിക് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അക്കാദമി അവാർഡ് ജേതാവ് എ.ആർ. റഹ്മാനാണ്.

ലിജോ ജോസ് പെല്ലിശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിലായിരിക്കും എന്ന തരത്തില്‍ നേരത്തെ വാർത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍, ഹന്‍സല്‍ മേത്തയുടെ ട്രൂ സ്റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേർന്നാകും ഈ ചിത്രം നിർമിക്കുക എന്നാണ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

കരണ്‍ വ്യാസും ലിജോയും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. "പ്രണയം, വിരഹം, ദുർബലമായ മനുഷ്യബന്ധങ്ങളിലെ സങ്കീർണതകൾ എന്നിവയിലൂടെയാകും സിനിമ സഞ്ചരിക്കുക എന്നാണ് റിപ്പോർട്ട്. സിനിമയിലെ കാസ്റ്റിനെപ്പറ്റി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ വർഷം അവസാനം സിനിമയുടെ നിർമാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ട്രൂ സ്റ്റോറി ഫിലിംസിന്റെ പങ്കാളിയായ സാഹിൽ സൈഗൽ പറയുന്നത്.

ലിജോയുടെ അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്, ഈ. മ. യൗ, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയവയാണ്. ബോളിവുഡിലും ലിജോ ആരാധകർ നിരവധിപേരാണ്.

ലിജോയ്ക്കും ഹന്‍സലിനും ഒപ്പം പ്രവർത്തിക്കാന്‍ അവസരം ലഭിച്ചതില്‍ റഹ്മാനും സന്തോഷം രേഖപ്പെടുത്തി. തങ്ങള്‍ മൂവരും ഒത്തുചേർന്ന് എന്താണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് കാണാന്‍ താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റഹ്മാന്‍ പറഞ്ഞു. ഗാന്ധി എന്ന സീരീസിലാണ് ഹന്‍സല്‍ മെഹ്തയും റഹ്മാനും ഇതിന് മുന്‍പ് ഒന്നിച്ചത്. ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ ഗാന്ധിയെ സംബന്ധിക്കുന്ന രചനകളില്‍ നിന്നാണ് ഈ സീരീസ് രൂപപ്പെടുത്തിയത്.

SCROLL FOR NEXT