ലിസ്റ്റിന്‍ സ്റ്റീഫന്‍, സാന്ദ്ര തോമസ് Source : Facebook
MOVIES

"സാന്ദ്രയുടേത് ഷോ"; രണ്ടാമത് വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേയെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

സാന്ദ്ര ഒരു സ്ത്രീ ആയതുകൊണ്ടാണ് താന്‍ ആദ്യം പ്രതികരിക്കാതിരുന്നതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

സാന്ദ്ര തോമസിനെ വിമര്‍ശിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാന്ദ്ര ചെയ്യുന്നതെല്ലാം ഷോയാണെന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്. ആദ്യം പര്‍ദ്ദ ധരിച്ചെത്തി രണ്ടാമത് വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ എന്ന് ചോദിച്ചുകൊണ്ട് ലിസ്റ്റിന്‍ പരിഹസിക്കുകയും ചെയ്തു. സാന്ദ്ര ഒരു സ്ത്രീ ആയതുകൊണ്ടാണ് താന്‍ ആദ്യം പ്രതികരിക്കാതിരുന്നതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

"സാന്ദ്ര പറയുന്നതെല്ലാം നുണയാണെന്ന് തെളിയിക്കാനാണ് ഞാന്‍ അവരുടെ പഴയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മമ്മുട്ടി സിനിമയില്‍ നിന്ന് പിന്മാറി എന്ന് സാന്ദ്ര പറയുന്നു. എത്രയോ ആര്‍ട്ടിസ്റ്റുകള്‍ പല സിനിമകളില്‍ നിന്നും പിന്മാറുന്നു. മമ്മുട്ടിയെ പോലും വെറുതെ ഈ വിഷയത്തിലേക്ക് കൊണ്ടുവന്നു", എന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.

"സംഘടനയുടെ ബൈലോ ആണ് സാന്ദ്ര മത്സരിക്കേണ്ടെന്ന് പറഞ്ഞത്. മത്സരിക്കാന്‍ ആവശ്യമായ അത്രയും സിനിമകള്‍ സാന്ദ്രയുടെ ബാനറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാന്ദ്രയുടെ പേരില്‍ ഉള്ളതല്ല, സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. ഇനി കോടതി പറഞ്ഞാല്‍ സാന്ദ്ര മത്സരിക്കട്ടെ. ഉത്തരവ് അനുകൂലമായാല്‍ ഞങ്ങള്‍ എതിര്‍ക്കില്ല", ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ സാന്ദ്ര സമര്‍പ്പിച്ച മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് പരിഗണിക്കാനാവില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. ഈ വിഷയത്തില്‍ സംഘടനയില്‍ തര്‍ക്കം നടക്കുകയും ചെയ്തിരുന്നു. പത്രിക തള്ളിയതിനെ തുടര്‍ന്ന് സാന്ദ്ര എറണാകുളം സബ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT