എആർഎമ്മിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിനെതിരെ പ്രതികരിച്ച് നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. 'നന്ദി ഉണ്ട്....ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്..' ലിസ്റ്റിൻ സ്റ്റീഫന്‍ പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. വീട്ടിലിരുന്ന് വ്യാജ പതിപ്പ് കണ്ടയാൾ ആ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണരൂപം:
നന്ദി ഉണ്ട്....ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്..
ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് !!!!
വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു.
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ - തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ, 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ...
ഈ നേരവും കടന്നു പോവും.കേരളത്തിൽ 90% ARM കളിക്കുന്നതും 3D ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ് 🙏🏻
സെപ്റ്റംബർ 12 നാണ് എആർഎം റിലീസ് ചെയ്തത്. ചിത്രത്തിൽ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി വിജയകരമായാണ് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, യുജിഎം മോഷൻ പിക്ചർസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി. തമിഴ് എന്നീ 5 ഭാഷകളിലായാണ് അജയന്റെ രണ്ടാം മോഷണം തീയറ്ററുകളിലെത്തിയത്.