ലോക, അവതാർ: ഫയർ ആൻഡ് ആഷ് Source: X
MOVIES

'അവതാർ 3'ക്കും മുന്നിൽ 'ലോക'; ലെറ്റർബോക്സ്ഡിന്റെ മികച്ച ആക്ഷൻ സിനിമകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ ചിത്രങ്ങൾ

പോൾ തോമസ് ആൻഡേഴ്സൺ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്

Author : ശ്രീജിത്ത് എസ്

കൊച്ചി: 2025ൽ ഏറ്റവും മികച്ച റേറ്റിങ് ലഭിച്ച സിനിമകളുടെ പട്ടികയുമായി പ്രമുഖ സിനിമാ റിവ്യൂ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്സ്ഡ്. മികച്ച അഭിപ്രായം നേടിയെടുത്ത ആക്ഷൻ/അഡ്വഞ്ചർ സിനിമകളുടെ പട്ടികയിൽ മലയാള ചിത്രം 'ലോക' ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സിനിമകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രമായ ജെയിംസ് കാമറൂണിന്റെ 'അവതാർ: ഫയർ ആൻഡ് ആഷ്' എന്ന ചിത്രത്തെപ്പോലും പിന്നിലാക്കിയാണ് ഈ നേട്ടം.

ലിയനാർഡോ ഡികാപ്രിയോ നായകനായ പോൾ തോമസ് ആൻഡേഴ്സൺ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ, റയാൻ കൂഗ്ലർ സംവിധാനം ചെയ്ത 'സിന്നേഴ്സ്' ഇടം പിടിച്ചു. 'സൂപ്പർമാൻ', 'ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ' എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്. 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര', 'ബൈസൺ കാലമാടൻ', 'ധുരന്ധർ' എന്നീ ഇന്ത്യൻ ചിത്രങ്ങളാണ് പട്ടിയിലുള്ളത്. ഇന്ത്യൻ സിനിമകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന്റെയും മികച്ച റേറ്റിങ് നേടുന്നതിന്റെയും തെളിവായിട്ടാണ് ഈ പട്ടികയെ സിനിമാ പ്രേമികൾ കാണുന്നത്.

മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ കാലമാടൻ' അഞ്ചാം സ്ഥാനത്താണുള്ളത്. ധ്രുവ് വിക്രം, പശുപതി, രജിഷ വിജയൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'എഫ് വൺ' എന്ന ബ്രാഡ് പിറ്റ് ചിത്രത്തെ മറികടന്നാണ് തമിഴ് ചിത്രം അഞ്ചാം സ്ഥാനം ഉറപ്പിച്ചത്. ഫോർമുല വൺ റേസിങ് പശ്ചാത്തലമാക്കി ഒരുക്കിയ 'എഫ് വൺ' ആറാം സ്ഥാനത്താണ്.

കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഡൊമനിക് അരുൺ ആണ് ഈ സൂപ്പർ ഹീറോ മൂവിയുടെ സംവിധാനം. കേരളത്തിന് വെളിയിലും മികച്ച അഭിപ്രായം നേടിയെടുത്ത സിനിമ, വിദേശ രാജ്യങ്ങളിൽ നല്ല കളക്ഷൻ സ്വന്തമാക്കിയിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ 'ലോക', ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമിച്ചത്. 300 കോടി കളക്ഷനോടെ ഇൻഡസ്ട്രി ഹിറ്റായി മാറിയ സിനിമ കേരളത്തിൽ നിന്ന് മാത്രം 121 കോടി രൂപയാണ് കളക്ട് ചെയ്തത്. കോവിഡിനു ശേഷം ഒന്നിലധികം സ്ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ചിത്രമെന്ന നേട്ടവും 'ലോക' സ്വന്തമാക്കിയിരുന്നു.

രൺവീർ സിംഗ് നായകനായ ബോളിവുഡ് സ്പൈ ത്രില്ലർ ചിത്രം, 'ധുരന്ധർ' ലെറ്റർബോക്സ്ഡ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം റെക്കോർഡ് കളക്ഷനാണ് നേടിയത്. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ 'ധുരന്ധർ' ഇപ്പോഴും മികച്ച കളക്ഷനോടെ മുന്നേറുകയാണ്. 1,263 കോടി രൂപയാണ് സിനിമ ഇതിനോടകം കളക്ട് ചെയ്തത്. അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി, സാറാ അർജുൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാർച്ച് 19ന് 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ജെയിംസ് കാമറൂണിന്റെ 'അവതാർ' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം 'ഫയർ ആൻഡ് ആഷ്', 'റിഫ്‌ളക്ഷൻ ഇൻ എ ഡെഡ് ഡയമണ്ട്' എന്നീ ചിത്രങ്ങളാണ് ഒൻപതും പത്തും സ്ഥാനങ്ങളിൽ. ഹെലെൻ കാറ്റെറ്റ്, ബ്രൂണോ ഫോർസാനി എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച് 2025ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ മിസ്റ്ററി ചിത്രമാണ് 'റിഫ്ലക്ഷൻ ഇൻ എ ഡെഡ് ഡയമണ്ട്'. 60-70 കാലഘട്ടത്തിലെ യൂറോപ്യൻ പൾപ്പ് ത്രില്ലറുകളോടുള്ള ആദരസൂചകമായിട്ടാണ് സിനിമ നിർമിച്ചത്.

SCROLL FOR NEXT