നടന്‍ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. കാര്‍ത്തി, വിജയ്, കമല്‍ഹാസന്‍ എന്നിവരെ നായകനാക്കി ഇതിനോടകം ഹിറ്റ് ചിത്രങ്ങളൊരുക്കിയ ലോകേഷിന്‍റെ രജനികാന്തിനൊപ്പമുള്ള ആദ്യ ചിത്രമാണിത്. തലൈവര്‍ 171 എന്നറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ രണ്ട് മാസം മുന്‍പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഛായാഗ്രാഹകനായി ദേശീയ പുരസ്കാര ജേതാവായ ഗിരീഷ് ഗംഗാധരനെ തീരുമാനിച്ചിരിക്കുകയാണ് ലോകേഷ്. ഗിരീഷിനെ സ്വാഗതം ചെയ്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റും ലോകേഷ് പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ കമല്‍ഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ വിക്രമിലും ഗിരീഷായിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. സിനിമയിലെ അഭിനേതാക്കളെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ ഉടന്‍ വരുമെന്നും ലോകേഷ് അറിയിച്ചു. സിനിമയില്‍ രജനികാന്തിന്‍റെ വില്ലനായി നടന്‍ സത്യരാജ് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ലോകേഷോ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അനിരുദ്ധാകും ചിത്രത്തിന് സംഗീതമൊരുക്കുക. ഹൈദരാബാദിലാണ് കൂലിയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്.