നടന്‍ സൗബിന്‍ ഷാഹിറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. സൗബിനൊപ്പം കൂലിയില്‍ പ്രവര്‍ത്തിക്കാനായത് അതിഗംഭീരമായ അനുഭവമായിരുന്നു എന്നാണ് ലോകേഷ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിച്ചത്. ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലോകേഷ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
സൗബിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് കൂലി. ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രജനികാന്ത് ചിത്രത്തില്‍ സൗബിന് പുറമെ നാഗാര്‍ജുന, സത്യരാജ്, ശ്രുതി ഹസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
ക്യാമറയ്ക്ക് പിന്നില്‍ ഗിരീഷ് ഗംഗാധരനും സംഗീതത്തില്‍ അനിരുദ്ധുമാണ് ലോകേഷിന്റെ കൂട്ടാളികള്‍. ലോകേഷിന്റെ വിശ്വസ്തനായ എഡിറ്റര്‍ ഫിലോമിന്‍ രാജും സംഘട്ടന സംവിധാനത്തില്‍ ദേശീയ പുരസ്‌കാരം നേടിയ അന്‍പ് അറിവുമാണ് മറ്റ് പ്രധാന അണിയറ പ്രവര്‍ത്തകര്‍. അനൗണ്‍സ്‌മെന്റ് വീഡിയോ മുതല്‍ ക്യാരക്ടര്‍ പോസ്റ്റര്‍ വരെ പിന്തുടരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പാറ്റേണ്‍ സിനിമയുടെ ഡാര്‍ക്ക് ഷെയ്ഡിന്റെ സൂചനാണെന്നും അനുമാനിക്കാം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരന്‍ ആണ് കൂലി നിര്‍മിക്കുന്നത്.