MOVIES

മഴ കാരണം സെറ്റ് തകര്‍ന്നു; സഞ്ജയ് ലീല ഭന്‍സാലിയുടെ ലൗ ആന്‍ഡ് വാറിന്റെ ചിത്രീകരണം വൈകും

2026 ഈദിനായിരിക്കും ലൗ ആന്‍ഡ് വാര്‍ തിയേറ്ററിലെത്തുക

Author : ന്യൂസ് ഡെസ്ക്


ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ഭന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആന്‍ഡ് വാര്‍. സാവരിയക്ക് ശേഷം രണ്‍ബീര്‍ സഞ്ജയ് ലീല ഭന്‍സാലിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകതയും ഉണ്ട്. ഒക്ടോബര്‍ 10ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയായിരുന്നു. എന്നാല്‍ ഷൂട്ട് രണ്ട് മാസത്തേക്ക് നീട്ടി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

മുബൈയിലെ മഴ കാരണമാണ് ഷൂട്ട് വൈകുന്നതെന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ആയിരിക്കും ഇനി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. 'സഞ്ജയ് ലീല ഭന്‍സാലി അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ പ്രത്യേക രീതിയില്‍ വിഷ്വലൈസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. മുംബൈയിലെ മഴ കാരണം സെറ്റ് നിര്‍മാണം വൈകുകയായിരുന്നു. അവസാനം അവര്‍ സെറ്റ് വര്‍ക്ക് തുടങ്ങിയപ്പോള്‍ ഉണ്ടാക്കിയ സെറ്റെല്ലാം മഴ കാരണം തകര്‍ന്നു', എന്നാണ് ബോളിവുഡ് ഹങ്കമാ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇക്കാര്യം ഭന്‍സാലിക്ക് അനുഗ്രഹമായി വന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൗ ആന്‍ഡ് വാറിന്റെ മ്യൂസിക്, തിരക്കഥ എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതിലൂടെ ഭന്‍സാലിക്ക് സാധിക്കും. രണ്‍ബീര്‍, വിക്കി, ആലിയ എന്നിവര്‍ക്ക് വര്‍ക്ക് ഷോപ്പും ഉണ്ടായിരിക്കുന്നതായിരിക്കും. 2026 ഈദിനായിരിക്കും ലൗ ആന്‍ഡ് വാര്‍ തിയേറ്ററിലെത്തുക.






SCROLL FOR NEXT