ലബ്ബര്‍ പന്ത് ഒടിടി റിലീസ് പ്രഖ്യാപിച്ചു. തമിഴരശന്‍ പച്ചമുത്തു സംവിധാനം ചെയ്ത ചിത്രം ക്രിക്കറ്റുമായി ബന്ധപ്പെട്ട രണ്ടു കുടുംബങ്ങളുടെ കഥയാണ് പറയുന്നത്. അഭിനേതാക്കളായ ഹരീഷ് കല്യാണും അട്ടകത്തി ദിനേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴരശന്‍ പച്ചമുത്തുവിന്റെ സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. അഭിനേതാക്കളായ സ്വാസ്വിക, സഞ്ജന കൃഷ്ണമൂര്‍ത്തി, ബാല ശരവണന്‍, കാളി വെങ്കട്ട്, ഗീത കൈലാസം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ലബ്ബര്‍ പന്ത് രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള ശത്രുതയുടെ കഥയാണ് പറയുന്നത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട് അവരുടെ ഈഗോ ഏറ്റുമുട്ടുമ്പോള്‍, കഥാ പരിസരം വികസിക്കുകയും ക്രിക്കറ്റ് പിച്ച് അവരുടെ മത്സരത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. സെപ്റ്റംബര്‍ 20-ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ലബ്ബര്‍ പന്ത്, ഒക്ടോബര്‍ 31 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാകും.
സംഗീതസംവിധായകന്‍ ഷോണ്‍ റോള്‍ഡന്‍, ഛായാഗ്രാഹകന്‍ ദിനേഷ് പുരുഷോത്തമന്‍, എഡിറ്റര്‍ ജി മദന്‍ എന്നിവരാണ് ലബ്ബര്‍ പന്തിന്റെ അണിയറപ്രവര്‍ത്തകര്‍. ലബ്ബര്‍ പന്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിക്കുകയും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാവുകയും ചെയ്തു.