നരേന്ദ്ര മോദിക്ക് ഒപ്പം ഉണ്ണി മുകുന്ദന്‍ Source: Facebook/ Unni Mukundan
MOVIES

"അന്ന് മോദി പറഞ്ഞ ആ രണ്ട് വാക്കുകള്‍ എല്ലാ പരീക്ഷണ ഘട്ടങ്ങളിലും എനിക്കൊപ്പം നിന്നു"; ഓർമ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

മോദിയുടെ 75ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് 'മാ വന്ദേ' എന്ന് പേരിട്ടിരിക്കുന്ന ബയോപ്പിക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മോദി അന്ന് തന്നോട് പറഞ്ഞ വാക്കുകളാണ് തന്റെ ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന നരേന്ദ്ര മോദി ബയോപ്പിക്ക് 'മാ വന്ദേ'യുടെ ഫസ്റ്റ് ലുക്കിനൊപ്പമാണ് തന്റെ ഓർമകളും താരം പങ്കുവച്ചത്.

മോദിയുടെ 75ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് 'മാ വന്ദേ' എന്ന് പേരിട്ടിരിക്കുന്ന ബയോപ്പിക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ക്രാന്തി കുമാർ സി.എച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം ആണ്.

2023 ഏപ്രിലിലാണ് നരേന്ദ്ര മോദിയുമായി ഉണ്ണി മുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയത്. തന്നില്‍ 'മായാതെ മുദ്രണം ചെയ്ത നിമിഷം' എന്നാണ് ഈ കൂടിക്കാഴ്ചയെ താരം വിശേഷിപ്പിച്ചത്. "അന്ന് അദ്ദേഹം പറഞ്ഞ രണ്ട് വാക്കുകള്‍ എന്റെ ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളില്‍ എനിക്കൊപ്പം നിന്നു. ഗുജറാത്തിയില്‍ "ജൂക്വാനു നഹി" എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതായത് ഒരിക്കലും തല കുനിക്കരുത്. ആ വാക്കുകൾ അന്നുമുതൽ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ്," നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഹമ്മദാബാദില്‍ ജനിച്ച താന്‍ ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലാണ് മോദിയെ ആദ്യം അറിയുന്നതെന്നും അദ്ദേഹത്തിന്റെ വേഷം സിനിമയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേർത്തു.

പാന്‍ ഇന്ത്യന്‍ റിലീസ് 'മാ വന്ദേ' ഇംഗ്ലീഷിലും മലയാളം ഉള്‍പ്പെടെ പ്രധാന ഇന്ത്യന്‍ ഭാഷകളിലും തിയേറ്റുകളില്‍ എത്തും. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള മോദിയുടെ യാത്രയാണ് ചിത്രത്തില്‍ ആവിഷ്കരിക്കുക. അമ്മ ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തുകാണിക്കും. സിനിമയെ മികച്ച ദൃശ്യാവിഷ്കാരമാക്കി മാറ്റാനാണ് ശ്രമിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.

SCROLL FOR NEXT