മാധവ് സുരേഷ്  Source : Instagram
MOVIES

"നമ്മള്‍ അനാഥരാണ് ഗുണ്ടകളല്ല"; സ്വന്തം ട്രോള്‍ പാട്ടിന് ഡാന്‍സ് കളിച്ച് മാധവ് സുരേഷ്

ഒരു ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാധവ് സുരേഷ് ഈ പാട്ടിന് ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്.

Author : ന്യൂസ് ഡെസ്ക്

വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്ത് മാധവ് സുരേഷ് കേന്ദ്ര കഥാപാത്രമായ ചിത്രമാണ് കുമ്മാട്ടിക്കളി. സിനിമയില്‍ മാധവ് സുരേഷിന്റെ 'നമ്മള്‍ അനാഥരാണ് ഗുണ്ടകളല്ല' എന്ന ഡയലോഗ് വലിയ രീതിയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. നടന്‍ കാര്‍ത്തിക് ശങ്കര്‍ ഈ ഡയലോഗ് ഉപയോഗിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ട്രോള്‍ പാട്ട് വൈറലായിരുന്നു. ഇപ്പോഴിതാ ആ പാട്ടിന് മാധവ് സുരേഷ് തന്നെ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഒരു ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈ പാട്ടിന് ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്. കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഈ ഡയലോഗിന് ശേഷം സമൂഹമാധ്യമത്തില്‍ നിരന്തരം ട്രോളുകള്‍ക്ക് ഇരയായ താരമാണ് മാധവ് സുരേഷ്. അതിന് പിന്നാലെയാണ് സെല്‍ഫ് ട്രോളുമായി മാധവ് സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ കുമ്മാട്ടിക്കളി എന്ന ചിത്രം യൂട്യൂബില്‍ എത്തിയിരുന്നു. ചിത്രം തിയേറ്ററിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. ഓഗസ്റ്റ് 14നാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്. കടപ്പുറവും അവിടുത്തെ ജീവിതങ്ങളുമാണ് ചിത്രത്തിന്റെ കഥാ പരിസരം. ലെന, റാഷിക്, അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം മാധവ് സുരേഷ് നായകനായി എത്തുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മാധവ് സുരേഷിന് പുറമെ ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാന്‍ എന്നിവരും ചിത്രത്തിലുണ്ട്. സുജിത് എസ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍.

SCROLL FOR NEXT