മഹേഷ് നാരായണന്‍ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയും മോഹന്‍ലാലും 
MOVIES

17 വർഷങ്ങൾക്കു ശേഷം അത് സംഭവിക്കുന്നു; മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൻ്റെ ടീസർ നാളെ

പാട്രിയേറ്റ് എന്നാകും ചിത്രത്തിന്റെ പേര് എന്നാണ് റിപ്പോർട്ടുകള്‍

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാളത്തിലെ മഹാനടന്മാരെ മുഖ്യ കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ നാളെ റിലീസ് ചെയ്യും. 17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധക‍ർ.

പാട്രിയേറ്റ് എന്നാകും ചിത്രത്തിന്റെ പേര് എന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ട ടീസർ അന്നൗണ്‍സ്മെന്റ് പോസ്റ്റിറില്‍ ​​#MMMN എന്ന വർക്കിങ് ടൈറ്റില്‍‌ മാത്രമാണ് ചേർത്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാൽ, മഹേഷ് നാരായണൻ, നയന്താര എന്നാണ് ഈ ടൈറ്റിൽ അ‍ർഥമാക്കുന്നത്.

സിനിമയില്‍ മോഹന്‍ലാല്‍ കാമിയോ റോളിലായിരിക്കും എത്തുക എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, താരത്തിന്റേത് മുഴുനീള വേഷമാണെന്നാണ് പിന്നീട് സംവിധായകൻ തന്നെ വ്യക്തമാക്കിയത്. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്‍ ഇക്കാര്യം പറഞ്ഞത്.

ഏഴ് മാസങ്ങൾക്ക് ശേഷം ഇന്നാണ് മമ്മൂട്ടി സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തത്. ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍ താരം എത്തി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ ചികിത്സക്കായി ഇടവേളയെടുത്തത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലുമായിരുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തായ നിര്‍മാതാവ് ആന്റോ ജോസഫ് അറിയിച്ചത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ നയൻതാര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ആന്റോ ജോസഫാണ് സിനിമയുടെ നി‍ർമാണം. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ്. സിനിമയുടെ ഭൂരിഭാ​ഗം ഭാ​ഗങ്ങളും ചിത്രീകരിച്ചതായാണ് റിപ്പോ‍ർട്ടുകൾ.

SCROLL FOR NEXT