കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റ്' റിലീസിനായി ഒരുങ്ങുകയാണ്. ഏപ്രിൽ 23ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. മലയാളത്തിലെ തന്നെ ദൈർഘ്യമേറിയ ട്രെയ്‌ലറുകളിൽ ഒന്നാണ് 'പേട്രിയറ്റ്' അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് മിനുട്ട് 29 സെക്കൻഡ് ആണ് 'പേട്രിയറ്റ്' ട്രെയ്‌ലറിന്റെ റൺ ടൈം എന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ പുറത്തിറങ്ങിയ ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം 'ലൂസിഫറി'ന്റെ ട്രെയ്‌ലറിന് മൂന്ന് മിനുട്ട് 22 സെക്കൻഡും 'എമ്പുരാന്റെ' ട്രെയ്‌ലറിന് മൂന്ന് മിനുട്ട് 51 സെക്കൻഡുമായിരുന്നു ദൈർഘ്യം ഉണ്ടായിരുന്നത്. അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രം 'ധുരന്ധര്‍ 2' ട്രെയ്‌ലറിന് മൂന്ന് മിനുട്ട് 26 സെക്കന്‍ഡായിരുന്നു റൺ ടൈം. ഈ സിനിമയുടെ ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലറിന് നാല് മിനുട്ട് എട്ട് സെക്കന്‍ഡും. സിനിമയുടെ വമ്പൻ കാൻവാസ് വ്യക്തമാകുന്ന വിധമായിരുന്നു ഈ ട്രെയ്‌ലറുകൾ എത്തിയത്. സമാനമായി, വലിയ ബജറ്റിൽ എത്തുന്ന 'പേട്രിയറ്റും' സിനിമയുടെ സ്കെയിൽ വെളിവാക്കുന്ന ട്രെയ്‌ലറാകും പുറത്തുവിടുക.
വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ഹൈ-വോൾട്ടേജ് സ്പൈ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - വിഷ്ണു സുഗതന്‍.
മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ 10ൽ അധികം ഷെഡ്യൂളുകളിലായി ഒരു വര്‍ഷത്തിലധികമാണ് സിനിമയുടെ ചിത്രീകരണം നീണ്ടത്. 2024 നവംബറിൽ ശ്രീലങ്കയിലാണ് 'പേട്രിയറ്റ്' ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും 'പേട്രിയറ്റി'നാണ്.