പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് രാജാ സാബ്. ചിത്രത്തില്‍ നടി മാളവിക മോഹനനും കേന്ദ്ര കഥാപാത്രമാണ്. താന്‍ തെലുങ്ക് സിനിമ മേഖലയിലേക്ക് കടന്നുവരാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും രാജാ സാബിലെ കഥാപാത്രത്തിന് ഒരുപാട് ചെയ്യാനുണ്ടെന്നും മാളവിക പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'രാജാ സാബ് ഒരു റോം കോമാണ്. അതിനോടൊപ്പം തന്നെ അതൊരു ഹൊറര്‍ കോമഡി കൂടിയാണ്. തെലുങ്ക് സിനിമ മേഖലയിലേക്കുള്ള കടന്നുവരവിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇതില്‍ എന്റെ കഥാപാത്രത്തിന് ഒരുപാട് ചെയ്യാനുണ്ട് എന്നത് ഒരു അനുഗ്രഹമാണ്. ഇതൊരു ഔട്ട് ആന്‍ഡ് ഔട്ട് എന്റര്‍ട്ടെയിനറാണ്. ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്', മാളവിക പറഞ്ഞു.
അതേസമയം തന്റെ കോസ്റ്റാറായ പ്രഭാസിനെ കുറിച്ചും മാളവിക സംസാരിച്ചു. 'പ്രഭാസ് എന്നെ ഒരുപാട് ഭഷണം കഴിപ്പിച്ചു. അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത എല്ലാവരും ഇക്കാര്യം പറഞ്ഞിട്ടുണ്ടാകും. അദ്ദേഹം ഒരുപാട് ഭക്ഷണം കൊടുത്തയക്കും. ബിരിയാണി, ചിക്കന്‍ കറി അങ്ങനെ മാത്രമല്ല. 10-12 പാത്രങ്ങളില്‍ ഒരുപാട് പേര്‍ക്ക് കഴിക്കാവുന്ന തരത്തിലാണ് പ്രഭാസ് ഭക്ഷണം കൊടുത്തയക്കുക. അതാണെങ്കിലോ ഞാന്‍ എന്റെ ജീവിതത്തില്‍ കഴിച്ച ഏറ്റവും രുചിയുള്ള ഭക്ഷണവും', എന്നാണ് മാളവിക പറഞ്ഞത്.
യുധ്രയാണ് അവസാനമായി മാളവികയുടേതായി റിലീസ് ചെയ്ത ചിത്രം. മാളവിക മോഹനന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സിദ്ധാന്ദ് ചതുര്‍വേദിയാണ് ചിത്രത്തിലെ നായകന്‍. എക്‌സല്‍ എന്റര്‍ട്ടെയിന്‍മെന്റിന്റെ ബാനറില്‍ ഫര്‍ഹാന്‍ അക്തറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രവി ഉദ്യവാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററിലെത്തി.