കലാഭവന്‍ മണി, വിനയന്‍, ദിവ്യാ ഉണ്ണി Source: Facebook
MOVIES

"കലാഭവന്‍ മണിയുടെ നായിക ആകില്ലെന്ന് പറഞ്ഞത് ദിവ്യാ ഉണ്ണി അല്ല"; വിശദീകരണവുമായി വിനയന്‍

ഒൻപതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വിനയന്റെ 'കല്യാണ സൗഗന്ധിക'ത്തില്‍ ദിവ്യ ഉണ്ണി അഭിനയിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടി ദിവ്യാ ഉണ്ണിയെ പരിചയമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. വർഷങ്ങളായി അഭിനയ രംഗത്ത് നിന്ന് വിട്ടും നില്‍ക്കുമ്പോഴും നടി അഭിനയിച്ച പല കഥാപാത്രങ്ങള്‍ക്കും ആരാധകർ ഏറെയാണ്. എന്നാല്‍, വർഷങ്ങളായി ദിവ്യ ഉണ്ണിയെ വിടാതെ പിന്തുടരുന്ന ഒരു ചോദ്യമുണ്ട്. കലാഭവന്‍ മണിയുടെ നായികയാകാന്‍ നടി വിസമ്മതിച്ചോയെന്നാണ് ആളുകള്‍ക്ക് അറിയേണ്ടത്.

കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കുന്നതിനുള്ള വിമുഖത കാരണം 'കല്യാണ സൗഗന്ധിക'ത്തിലെ ഗാനരംഗത്തില്‍ നിന്നും 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയില്‍ നിന്നും നടി പിന്മാറിയെന്നാണ് നാളുകളായി നിലനില്‍ക്കുന്ന ആരോപണം. ഇത് ഒരു ചോദ്യമായി പലപ്പോഴും നടിക്കു നേരെ ഉയർന്നിട്ടുമുണ്ട്. ഇപ്പോഴിതാ ആരോപണങ്ങളുടെ കേന്ദ്രമായ രണ്ട് സിനിമകളും സംവിധാനം ചെയ്ത വിനയന്‍ വിമർശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നു.

1996 ഒക്ടോബറിലാണ് 'കല്യാണ സൗഗന്ധികം' തിയേറ്റുകളില്‍ എത്തിയത്. ഇതിന്റെ വാർഷിക ദിനം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന് വന്ന കമന്റിന് നല്‍കിയ മറുപടിയിലാണ് വിനയന്‍ നടന്ന സംഭവം വിശദീകരിച്ചത്. "കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്നു ഒരു നടി പറഞ്ഞന്ന് വിനയൻ സാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?" എന്നായിരുന്നു കമന്റ്.

വിനയന്റെ മറുപടി: അത് ഈ സിനിമ അല്ല.. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്...ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്ററന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു.അത് ശരിയുമായിരുന്നു.

ദീലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു..പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു..

കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു..

വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടൊണ്ട്.ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്..

ഒൻപതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വിനയന്റെ 'കല്യാണ സൗഗന്ധിക'ത്തില്‍ ദിവ്യ ഉണ്ണി അഭിനയിക്കുന്നത്. നടി ആദ്യമായി നായികയായ ചിത്രമാണിത്. സല്ലാപത്തിനു ശേഷം ദിലീപ് സോളോ ഹീറോ ആയ ചിത്രവും ഇതാണ്.

SCROLL FOR NEXT