MOVIES

മലയാള നാടകവേദിയിലേക്ക് ഡോൺ ക്വിക്സോട്ട് എത്തുന്നു; 'നന്മയിൽ ജോൺ കിഹോത്തെ 'യുമായി അലിയാര്‍ അലിയും സംഘവും

അകാലത്തില്‍ വിടവാങ്ങിയ നാടക പ്രവര്‍ത്തകന്‍ മിഥുന്‍ മോഹൻ്റെ ഓര്‍മ്മയ്ക്കായാണ് നാടകമെന്ന് സുഹൃത്തുക്കൾ പറയുന്നു. ഡോണ്‍ ക്വിക് സോട്ടിന്റെ നാടകസാധ്യതകളെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന മിഥുൻ്റെ ആശയത്തിൻ്റെയും സ്വപ്നത്തിൻ്റെയും സാക്ഷാത്ക്കാരമാണ് നോവലിൻ്റെ രംഗഭാഷ്യം.

Author : ന്യൂസ് ഡെസ്ക്

സ്പാനിഷ് എഴുത്തുകാരന്‍ മിഗ്വേല്‍ ദേ സെര്‍വാന്റിസിന്റെ ക്ലാസ്സിക്ക് നോവല്‍ ഡോണ്‍ ക്വിക് സോട്ടിന് മലയാള നാടക വേദിയിലൂടെ പുതിയ രംഗഭാഷ്യം. സംവിധായകന്‍ അലിയാര്‍ അലിയും സംഘവുമാണ് ഈ ആവിഷ്കാരത്തിന് പിന്നിൽ. അലിയാര്‍ അലിയുടെ സ്പോര്‍ട്ടീവ് തിയേറ്ററും, സായൂജ്, സജിനി എന്നിവരുടെ മിന്നാടവും, ഷൈജു ഗുരുക്കളുടെ പൊന്നാനി കളരി സംഘവും ചേര്‍ന്ന് നടത്തുന്ന നന്മയില്‍ ജോണ്‍കിഹോത്തെ എന്ന നാടകമാണ് പ്രക്ഷകരെ വിസ്മയിപ്പിക്കാൻ അരങ്ങിലേക്കെത്തുന്നത്.


അകാലത്തില്‍ വിടവാങ്ങിയ നാടക പ്രവര്‍ത്തകന്‍ മിഥുന്‍ മോഹൻ്റെ ഓര്‍മ്മയ്ക്കായാണ് നാടകമെന്ന് സുഹൃത്തുക്കൾ പറയുന്നു. ഡോണ്‍ ക്വിക് സോട്ടിന്റെ നാടകസാധ്യതകളെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന മിഥുൻ്റെ ആശയത്തിൻ്റെയും സ്വപ്നത്തിൻ്റെയും സാക്ഷാത്ക്കാരമാണ് നോവലിൻ്റെ രംഗഭാഷ്യം. ഡോണ്‍ ക്വിക്‌സോട്ട്, നന്മയില്‍ ജോണ്‍കിഹോത്തെ എന്ന പേരില്‍ നാടകമാകുമ്പോള്‍ അതിന് കേരളീയ പശ്ചാത്തലമൊരുക്കുക എന്ന വെല്ലുവിളിയാണ് സംവിധായകനെ കാത്തിരുന്നത്. ഐതീഹ്യമാലയും വടക്കന്‍ പാട്ടുകളും, നാടോടി കഥകളും എല്ലാം സമന്വയിപ്പിച്ചതോടെ ഒരു വൈദേശിക നോവലെന്ന തോന്നലിൽ നിന്ന് മാറി നിൽക്കുന്നു.


പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഷേക്‌സ്പിയറിന്റെ ഹാംലറ്റ് ഇറങ്ങിയ കാലത്ത് എഴുതപ്പെട്ട ഡോണ്‍ ക്വിക്‌സോട്ട് പുറത്ത് വന്ന് പത്തു വര്‍ഷത്തിനകം ഇംഗ്ലീഷില്‍ പരിഭാഷയിറങ്ങി. ലോകത്തിലെ എല്ലാ സുപ്രധാന ഭാഷകളിലും ഇതിൻ്റെ പതിപ്പുകള്‍ വന്നു.നോവലില്‍ മാടമ്പിയായ ഡോണ്‍ ക്വിക്‌സോട്ട് നാടകത്തില്‍ ജോണ്‍ കിഹോതെ എന്ന ചേകവനാകുന്നു. ചേകവപട്ടത്തെ അയാള്‍ അതിനായക പട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്. നോവലിലെ സാഞ്ചോ പാന്‍സോ കൃഷിക്കാരനാണെങ്കില്‍ നാടകത്തില്‍ തെങ്ങുകയറ്റക്കാരനാണ്. നമ്മുടെ നാട്ടില്‍ നല്ല ഗവര്‍ണറില്ല അതുകൊണ്ട് നിന്നെ ഞാന്‍ ഗവര്‍ണര്‍ ആക്കാം എന്ന് പറഞ്ഞാണ് സാഞ്ചോ പാന്‍സോയെ (നാടകത്തില്‍ സാഞ്ചോ പാച്ചന്‍) കൊണ്ട് പോകുന്നത്.

ജോണ്‍ കിഹോത്തെ വായിക്കുന്നത് മുഴുവന്‍ പാര്‍ട്ടി സാഹിത്യമാണ്. സമത്വ സുന്ദരമായ ലോകം ഉണ്ടാകണമെന്നും അതിന് താന്‍ ഇറങ്ങണമെന്നും തീരുമാനിക്കുന്നു. ഈ കാലഘട്ടത്തില്‍ നിന്ന് ചേകവരുടെ കാലം തിരിച്ചുവരാന്‍ സ്വപ്നം കാണുന്ന ജോണ്‍ കിഹോതെ പറയുന്നു. ''മരക്കാര്‍ പടയും മികച്ചേരി പടയും യുദ്ധം ചെയ്യുന്നു ഇവരുടെ ഇടയില്‍ എങ്ങനെയാണ് സോവിയറ്റ് പട വന്നത്''. ക്വിക് സോട്ടിന്റെ കാമുകിയായ ഡല്‍സീനിയ അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നില്ല. ചേവകപ്പട്ടം സ്വീകരിച്ചാല്‍ ഞാന്‍ നിനയ്ക്ക് വേണ്ടി സമത്വസുന്ദര ലോകം പണിയും എന്ന് കാമുകിയോട് പറയുന്നുണ്ട്.

നോവലില്‍ അറുനൂറോളം കഥാപാത്രങ്ങള്‍ ഉള്ളപ്പോള്‍ നാടകത്തില്‍ മുപ്പതോളം കഥാപാത്രങ്ങളായി ചുരുങ്ങുന്നു. സജി തുളസിദാസ് ഡോണ്‍ ക്വിക് സോട്ടായും ഹരിദാസ് കോങ്ങാട് സാഞ്ചോ പാന്‍സോയായും വേഷമിടുന്നു. ഡോണിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ കഠിനമായ പരിശീലനത്തിലൂടെയാണ് സ്‌കൂള്‍ ഓഫ് ഡ്രാമയിലൂടെ രംഗത്ത് എത്തിയ സജി തുളസിദാസ് കടന്നുപോയത്. ഒന്നരമാസത്തില്‍ അധികം പൊന്നാനി കളരി സംഘത്തില്‍ ആയോധന മുറകള്‍ പഠിച്ചു.

വലിയ ശാരീരിക അധ്വാനം ആവശ്യമായ ഈ നാടകത്തില്‍ കളരിപ്പയറ്റും അഭിനയവും എല്ലാം ഒന്നിച്ച് കൊണ്ടുപോകുക ഏറെ ശ്രമകരമാണ്. കളരിയില്‍ തിയേറ്ററിന്റെ സാധ്യത അന്വേഷിക്കുന്ന പൊന്നാനി കളരി സംഘത്തിന്റെ അമരക്കാരന്‍ ഷൈജു ഗുരുക്കളുടെ വരവ് നാടകത്തിന്റെ ഘടനയില്‍ തന്നെ ശ്രദ്ധേയമാറ്റങ്ങള്‍ക്ക് കാരണമായി. ഷൈജു വെളുത്ത ചന്ദ്രന്റെ മാടമ്പി എന്ന കഥാപാത്രം ചെയ്യുന്നുണ്ട്. പാതിരിയായി കണ്ണനുണ്ണിയും ഷഹരിയ രാജകുമാരിയായി ഫിദയും കപ്യാരായി സന്ദീപും അഭിനയിക്കുന്നു. സത്യന്‍ കോട്ടായി, ബിനി, ആദിത്യന്‍,അഷിന്‍ ബാബു, സിദ്ധാര്‍ഥ് , ഋതുന്‍ എന്നിവരും വേഷമിടുന്നു.


മിനിമലിസ്റ്റിക്ക് ആയിട്ടുള്ള സെറ്റാണ് ഷാന്റോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അഭിനേതാക്കള്‍ അവരുടെ ശരീരം കൊണ്ടാണ് സ്ഥലത്തെയും കാലത്തെയും അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. നാലുഭാഗവും തുറസ്സായ സ്റ്റേജില്‍ കളരിത്തറയാണ് പ്രധാനപ്പെട്ട സെറ്റ്. കൂടാതെ വീഡിയോ പ്രൊജക്ഷനും ഉപയോഗിക്കുന്നു. അനിമേഷന്‍ ആര്‍ട്ടിസ്റ്റായിരുന്ന മിഥുന്‍ മോഹന്‍ മരിക്കുന്നത്തിന് മുമ്പ് വരച്ച ചിത്രങ്ങള്‍ നാടകത്തില്‍ ആനിമേറ്റ് ചെയ്യുന്നു.

മിഥുൻ മോഹൻ്റെ സുഹൃത്തായ നിതീഷ് ലോഹിതാക്ഷനാണ് അതിന് പിന്നില്‍. സ്പോര്‍ട്ടീവ് തിയേറ്ററിലൂടെ സ്‌പോര്‍ട്‌സും തിയേറ്റര്‍ തമ്മിലുള്ള വിനിമയ സാധ്യതകള്‍ അലിയാര്‍ അലി നന്നായി ഉപയോഗിക്കുന്നു. കുട്ടികളുടെ നാടകകളരി എല്ലാവര്‍ഷവും നടത്തുന്ന മിന്നാടവും കളരിയുടെ സാധ്യതകള്‍ തിയേറ്ററില്‍ ഉപയോഗിക്കുന്ന വി പി എസ് കളരി സംഘവും നാടകം എന്ന ഹൈബ്രിഡ് ഫോമിന്റെ പുതിയ ആവിഷ്‌കാര സാധ്യതകളെ തുറന്നിടുന്നു.

SCROLL FOR NEXT