ഫേസ്ബുക്ക് പോസ്റ്റിലൂടെ യേശുദാസിനെ അവഹേളിച്ച വിനായകനെതിരെ മലയാള സിനിമാഗായകരുടെ സംഘടന. "വിനാശകന് മാപ്പില്ല", എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഘടന വിമര്‍ശനം അറിയിച്ചിരിക്കുന്നത്. വിനായകനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും ഗായകരുടെ സംഘടന പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്.
വിനാശകന് മാപ്പില്ല!
ഇന്‍ഡ്യന്‍ സിനിമാസംഗീതത്തിലെ ഏറ്റവും മുതിര്‍ന്ന ഗായകനും കേരളത്തിന്റെ അഭിമാനവും സമം ചെയര്‍മാനുമായ സംഗീതജ്ഞന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ചലച്ചിത്ര നടന്‍ വിനായകന്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവര്‍ഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണ്. വിനായകന്‍ എന്ന വ്യക്തി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും നിത്യജീവിതത്തിലും കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധപ്രവൃത്തികള്‍ നാം കണ്ടതാണ്. ഇവയിലൂടെ അപമാനിക്കപ്പെടുന്നത് അഭിവന്ദ്യരായ മുതിര്‍ന്ന വ്യക്തിത്വങ്ങളും കേരളീയ സമൂഹവുമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെക്കാലമായി അമേരിക്കയില്‍ ഇളയപുത്രന്റെയും കുടുംബത്തിന്റെയുമൊപ്പം ജീവിച്ച് നിത്യേന സംഗീതതപസ്യ തുടരുകയും കേരളത്തിലെ ആനുകാലികസംഭവങ്ങളിലൊന്നും ഇടപെടാതിരിക്കുകയും ചെയ്തു വരുന്ന ഗന്ധര്‍വ്വഗായകന്‍ തനിക്കെതിരെ സമകാലികവിഷയങ്ങളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ വന്ന അപവാദങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടില്ല. 'ശ്രീ വിനായകം നമാമ്യഹം' എന്നു പാടിയ കണ്ഠത്തില്‍ നിന്ന് മറിച്ച് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ടതുമില്ല. മലയാളത്തിലെ എല്ലാ പിന്നണിഗായകരും അംഗങ്ങളായ സംഘടനയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു നേരെയുണ്ടായ പരാമര്‍ശങ്ങള്‍ - ഞങ്ങളോരോരുത്തരുടെയും മാനനഷ്ടം കൂടിയാകുന്നു.
മുമ്പൊരിക്കല്‍ സൈബര്‍ അക്രമങ്ങള്‍ അതിരു കടന്നപ്പോള്‍ സമം സൈബര്‍ സെല്ലില്‍ പരാതിയും പത്രങ്ങളില്‍ പ്രതിഷേധക്കുറിപ്പും കൊടുത്തിരുന്നു. സമാരാധ്യനായ ഞങ്ങളുടെ ചെയര്‍മാന്‍ ഇത്തവണയും പ്രതികരിക്കാതിരിക്കുകയും ഒരു യോഗിയുടെ മനസ്സോടെ തികഞ്ഞ നിസ്സംഗത പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമവും, അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും താല്‍പര്യം മാനിച്ച് അതിനെതിരെ പ്രതികരിക്കാതിരുന്നത്. അതേസമയം, ഈ വിനാശകനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും സാംസ്‌കാരിക-സിനിമ വകുപ്പ് മന്ത്രിക്കും, നടപടി ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മ സംഘടനക്കും പരാതി നല്‍കിയിട്ടുണ്ട്.
സമത്തിന്റെ പ്രതിഷേധക്കുറിപ്പില്‍, സമുന്നതനായ ഗന്ധര്‍വ്വഗായകന്റെ പേരിനൊപ്പം പ്രതിസ്ഥാനത്താണെങ്കില്‍ പോലും ഒരു സാമൂഹ്യവിരുദ്ധന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടരുതെന്നും ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷേ, യേശുദാസ് എന്ന മഹാസംഗീതജ്ഞന്റെ സംഗീതം ജീവവായുവായിക്കരുതുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലേറ്റ മുറിവുണക്കാന്‍ ഞങ്ങളുടെ ചുരുങ്ങിയ വാക്കുകളിലെ പ്രതിഷേധം പര്യാപ്തമല്ല എന്നു തിരിച്ചറിയുന്നു.
'വിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും ഞങ്ങള്‍ക്കു ഭയമില്ല.'ഈ സംസ്‌കാരശൂന്യതയ്‌ക്കെതിരെ - സൈബര്‍ ഗുണ്ടായിസത്തിനെതിരെ ഞങ്ങള്‍ ഏതറ്റം വരെയും പോകും. മലയാളികളുടെ സ്വന്തം ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം (വെറുമൊരു Sorry അല്ല) വിനായകന്‍ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാന്‍ ഇവിടെ സഹൃദയരുണ്ടാവില്ല. പ്രതിഭയുണ്ടായിട്ടും സംസ്‌കാരശൂന്യമായ പെരുമാറ്റം കൊണ്ട് നാടിന്നപമാനമായിത്തീര്‍ന്ന വിനായകനെ മര്യാദ പഠിപ്പിക്കണമെന്നു കലാകേരളത്തോടും കലാപ്രേമികളോടും ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.