കൊച്ചി: മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന എപ്പിക് ഫാന്റസി ചിത്രം 'ആട് 3'യിലെ കഥാപാത്രങ്ങളുടെ പുത്തൻ പോസ്റ്ററുകൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നേരത്തെ, 'ഭൂതകാലം ഉണരുന്നു' എന്ന ക്യാപ്ഷനോടെ പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴയ രാജഭരണ കാലത്തെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ഈ പോസ്റ്ററുകളിൽ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ, വർത്തമാന കാലത്തെ ഇവരുടെ ലുക്കുകളും പുറത്തുവിട്ടിരിക്കുകയാണ്. മാർച്ച് 19നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
ജയസൂര്യ (ഷാജി പാപ്പൻ), വിനായകൻ (ഡ്യൂഡ്) സണ്ണി വെയ്ൻ (സാത്താൻ സേവ്യർ), സൈജു കുറുപ്പ് (അറക്കൽ ബാപ്പു ), ഇന്ദ്രൻസ് (പി.പി. ശശി ), ധർമജൻ ബോൾഗാട്ടി (ക്യാപ്റ്റൻ ക്ലീറ്റസ് ), വിജയ് ബാബു (സർബത്ത് ഷബീർ) എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവർക്കൊപ്പം ഇക്കുറി 'ആട്' യൂണിവേഴ്സിലേക്ക് ഒരു വിദേശ താരവും എത്തുന്നുണ്ട്. അലിയ ബോൺ ആണ് 'കേറ്റ് ലാറ' എന്ന കഥാപാത്രമായി എത്തുന്നത്.
'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് 'ആട് 3' എത്തുന്നത്. ഫാന്റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്. 50 കോടി രൂപയോളം മുതൽമുടക്കിലാണ് ചിത്രം എത്തുന്നതെന്നാണ് നിർമാതാവ് വിജയ് ബാബു പറഞ്ഞത്. പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്ക് സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് സിനിമാലോകം. ഒരു പുതിയ കഥ പറയുന്നതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് മുൻകഥാപാത്രങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുകയെന്നത്. അത് പരമാവധി രൂപപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് സംവിധായകനായ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കിയിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ, ചിറ്റൂർ, തിരുച്ചെന്തൂർ, ഇടുക്കി, തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ വ്യത്യസ്തമായ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമജൻ ബൊൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സൃന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.