ലിജോ ജോസ് പെല്ലിശേരി, മൂണ്‍വാക്ക് സിനിമാ പോസ്റ്റർ Source: Facebook
MOVIES

"മലയാള സിനിമയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ?" 'മൂൺവാക്ക്' ഷോ കൗണ്ട് കുറഞ്ഞതില്‍ ലിജോ ജോസ് പെല്ലിശേരി

ലിജോ കൂടി നിർമാണ പങ്കാളിയായ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഗണ്യമായ തോതില്‍ തിയേറ്ററുകള്‍ കുറഞ്ഞിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

'മൂൺവാക്ക്' സിനിമയ്ക്ക് തീയേറ്റർ കിട്ടാത്തതിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ലിജോ കൂടി നിർമാണ പങ്കാളിയായ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഗണ്യമായ തോതില്‍ തിയേറ്ററുകള്‍ കുറഞ്ഞിട്ടുണ്ട്. ആദ്യ ആഴ്ച 140 തിയേറ്റർ ഉണ്ടായിരുന്ന സിനിമയ്ക്ക് രണ്ടാം വാരം ലഭിച്ചത് 12 തിയേറ്ററുകൾ മാത്രമാണ്. മലയാള സിനിമയുടെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടം ഉണ്ടോ എന്നാണ് ലിജോയുടെ പരിഹാസം.

"മലയാള സിനിമയിലെ ഏറ്റവും മുന്തിയ നിർമാതാവും വിതരണക്കാരനും തിയേറ്റർ മുതലാളിയും കൂടി മുന്നിൽ നിന്ന് നയിച്ച "മൂൺവാക്ക്" എന്ന ചലച്ചിത്രത്തിന്റെ മഹത്തായ രണ്ടാം വാരാഘോഷം. മലയാളം ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ. സബാഷ്. ആദ്യ വാരം -140 തിയേറ്ററുകള്‍. രണ്ടാം വാരം- 12 തിയേറ്ററുകള്‍. സിനിമ തിയേറ്ററിൽ കണ്ടവർ ദയവായി അഭിപ്രായം കുറിക്കുക", ലിജോ ഫേസ്ബുക്കില്‍ കുറിച്ചു.

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്കിന്റെ വിതരണം മാജിക് ഫ്രെയിംസ് ആണ്. കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ് എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി. നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിങ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവരാണ് നിർവഹിച്ചത്. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാുടെ കഥ പറഞ്ഞ ചിത്രത്തിന് ആദ്യ വാരം നല്ല അഭിപ്രായമാണ് ലഭിച്ചത്.

SCROLL FOR NEXT