കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസ്ഥിരമാണ് ഇന്ത്യന്‍ സിനിമാ വ്യവസായം. കോടികള്‍ മുതല്‍ മുടക്കി റിലീസ് ചെയ്ത സിനിമകളില്‍ പലതും കളക്ഷനില്‍ കൂപ്പുകുത്തുന്ന അവസ്ഥയാണ് കണ്ടത്. 2024 പാതിദൂരം പിന്നിട്ട വേളയില്‍ സിനിമാ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കഴിഞ്ഞ ആറ് മാസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്. 2023നെ അപേക്ഷിച്ച് ഏറെക്കുറെ മികച്ചതായിരിക്കും 2024 എന്ന പ്രതീതിയാണ് ഇതുവരെയുള്ള സിനിമകളുടെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഒടുവിലെത്തിയ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡി റിലീസ് ചെയ്ത എല്ലാ ഭാഷകളിലും കാഴ്ചവെച്ച മികച്ച പ്രകടനം ഇന്ത്യന്‍ സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിച്ചെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഹിന്ദി സിനിമകളുടെ ബോക്സ് ഓഫീസ് വരുമാനത്തില്‍ ഇടിവ് സംഭവിച്ചു. അതേസമയം, മുന്‍കാല പ്രകടനങ്ങളെ അപേക്ഷിച്ച് മലയാള സിനിമ തുടര്‍ ഹിറ്റുകളിലൂടെ കളക്ഷനില്‍ കുതിച്ചുകയറി.
ഓര്‍മാക്സ് മീഡിയയുടെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 2024-ന്‍റെ ആദ്യ പകുതിയില്‍ എല്ലാ ഭാഷയില്‍ നിന്നുമായി 5000 കോടി രൂപയ്ക്ക് മുകളിലാണ് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ വരുമാനം. 2023-നെ അപേക്ഷിച്ച് മൂന്ന് ശതമാനത്തോളം വര്‍ധനവ്. ഇന്ത്യയില്‍ നിന്ന് മാത്രം 772 കോടി കളക്ഷന്‍ നേടിയ പ്രഭാസിന്റെ കല്‍ക്കി ഇതുവരെയുള്ള ബോക്സ് ഓഫീസ് വരുമാനത്തിന്‍റെ 15 ശതമാനവും സംഭാവന ചെയ്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നേടിയതിനേക്കാള്‍ വരുമാനമാണ് ഈ ആറ് മാസം കൊണ്ട് മലയാള സിനിമ നേടിയത്. 2023-ല്‍ 5 ശതമാനമായിരുന്നത് 15 ശതമാനമായി ഉയര്‍ന്നിരക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആവേശം (101 കോടി), ആടുജീവിതം (104 കോടി), മഞ്ഞുമ്മല്‍ ബോയ്സ് (170 കോടി) എന്നീ സിനിമകളുടെ വിജയമാണ് മലയാള സിനിമയുടെ ബോക്സ് ഓഫീസ് കുതിപ്പില്‍ പ്രകടമായത്.
2024-ന്‍റെ ആദ്യ പകുതിയില്‍ ഏറ്റവുമധികം കളക്ഷന്‍ പിറന്നത് ജൂണ്‍ മാസത്തിലാണ്. ഇതില്‍ 60 ശതമാനവും കല്‍ക്കിയുടെ സംഭാവനയാണെന്ന് പറയേണ്ടി വരും. ഹിന്ദി ഹൊറര്‍ കോമഡി ചിത്രം മുജ്യ, വിജയ് സേതുപതി ചിത്രം മഹരാജ, ജാട്ട് ആന്‍റ് ജൂലിയറ്റ് 3, ചന്തു ചാംപ്യന്‍ എന്നിവയാണ് ജൂണില്‍ നേട്ടമുണ്ടാക്കിയ മറ്റ് സിനിമകള്‍. വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഒരു തമിഴ് ചിത്രം പോലും ആദ്യ പത്തില്‍ ഇടം നേടിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ മൂന്ന് സിനിമകളാണ് തമിഴില്‍ നിന്ന് പട്ടികയിലുണ്ടായിരുന്നത്.
ഈ വര്‍ഷത്തെ ഇതുവരെയുള്ള ആകെ വരുമാനം പരിശോധിച്ചാല്‍ തമിഴ് സിനിമയുടെ കളക്ഷനില്‍ 5 ശതമാനം കുറവ് രേഖപ്പെടുത്തി. അതേസമയം, ഹിന്ദി സിനിമയുടെ വരുമാനം രണ്ട് ശതമാനത്തോളം ഇടിഞ്ഞു. കല്‍ക്കി, ഹനുമാന്‍ സിനിമകളുടെ വിജയം തെലുങ്ക് ഇന്‍ഡസ്ട്രിയുടെ കളക്ഷനില്‍ സ്ഥിരത പുലര്‍ത്താന്‍ സഹായകമായി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ കല്‍ക്കിയും ഋത്വിക് റോഷന്‍റെ ഫൈറ്ററുമാണ് ആദ്യ സ്ഥാനങ്ങളില്‍. രണ്ട് സിനിമയിലും ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആയിരുന്നു നായിക എന്നതാണ് മറ്റൊരു രസകരമായ വസ്തുത.
ഗോഡ്സില്ല x കോങ്: ദ ന്യൂ എംപയര്‍ ആണ് ആദ്യ പത്തില്‍ ഇടം നേടിയ ഏക ഹോളിവുഡ് ചിത്രം. ഇന്ത്യയില്‍ നിന്ന് 136 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഹിന്ദി സിനിമകളായ ക്രൂ, മിസ്റ്റര്‍ ആന്‍റ് മിസിസ് മാഹി, ചന്തു ചാംപ്യന്‍ എന്നിവയുടെ ആജീവനാന്ത ബിസിനസിനെക്കാള്‍ കൂടുതലാണിത്. വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, സൂര്യയുടെ കങ്കുവ,അല്ലു അര്‍ജുന്‍റെ പുഷ്പ 2, ജൂനിയര്‍ എന്‍ടിആറിന്‍റെ ദേവര, സിങ്കം എഗെയ്ന്‍, സ്ത്രീ 2 എന്നി സിനിമകള്‍ കൂടി റിലീസാകുന്നതോടെ 2024-ന്‍റെ രണ്ടാം പകുതിയും മികച്ചതാകുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ പ്രതീക്ഷ.