മുരളി ​ഗോപി 
MOVIES

"എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ടു തീർക്കുന്ന ഈ കാലത്ത്..."; ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മുരളി ഗോപി

മെയ് 23ന് പത്മരാജന്റെ 80-ാം ജന്മവാർഷികത്തിന് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ അനുസ്മരണ ലേഖനത്തിലാണ് വിവാദങ്ങളോടുള്ള മുരളി ​ഗോപിയുടെ പരോക്ഷ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

എമ്പുരാൻ സിനിമ വലിയ വിവാദങ്ങള്‍ക്കും ചർച്ചകള്‍ക്കും വഴിവെച്ചപ്പോൾ എല്ലാവരും തിരഞ്ഞത് സിനിമയുടെ തിരക്കഥാകൃത്തായ മുരളി ​ഗോപിയുടെ പ്രതികരണത്തിനാണ്. തീവ്ര വലതു ചിന്താ​ഗതിക്കാർ സിനിമയെ കടന്നാക്രമിച്ചപ്പോഴും മുരളി ​ഗോപി നിശബ്ദത പാലിച്ചു. എന്നാൽ, ഒടുവിൽ പരോക്ഷം എങ്കിലും വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് എഴുത്തുകാരൻ.

മെയ് 23ന് പത്മരാജന്റെ 80-ാം ജന്മവാർഷികത്തിന് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ അനുസ്മരണ ലേഖനത്തിലാണ് മുരളി ​ഗോപി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. സൈബർ ആക്രമണങ്ങളുടെയും 'നൈസർഗികതയെ വരിഞ്ഞു മുറുക്കിക്കൊല്ലുന്ന വികടനിരൂപണങ്ങളുടെയും' ഈ കാലത്തിൽ 'തീവ്രവിഷാദം ബാധിച്ച്' പത്മരാജന് ജീവിക്കേണ്ടി വരാതിരുന്നത് നന്നായി എന്നാണ് മുരളി ലേഖനത്തിൽ കുറിക്കുന്നത്. 'പത്മരാജൻ, ഒരു കാട്ടുതീയുടെ ആയുഷ്ക്കാലം' എന്നായിരുന്നു ലേഖനത്തിന്റെ പേര്.

ഋഷികേശ് മുഖർജിയുടെ ആനന്ദിലെ (1971) നായകനെ ചികിത്സിക്കുന്ന ഡോക്ടറിന്റെ വാക്കുകളിലൂടെ തുടങ്ങുന്ന ലേഖനം പത്മരാജന്റെ സർ​ഗജീവിതത്തിലൂടെയുള്ള യാത്രയാണ്. മുതുകുളത്തെ വീട്ടിൽ അദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കുമ്പോൾ അതിന് സാക്ഷിയായതിന്റെ ഓർമകളും മുരളി ​ഗോപി പങ്കുവയ്ക്കുന്നു. ഇവിടെ നിന്നാണ് ഈ കാലത്തെ എഴുത്ത് ജീവിതത്തിലെ (സർ​ഗാത്മക ജീവിതത്തിലെ) വെല്ലുവിളികളിലേക്ക് എഴുത്തുകാരൻ കടക്കുന്നത്.

സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു 'മാധ്യമ'മായി മാറിയ ഇക്കാലത്ത്, എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ടു തീർക്കാൻ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കൾ കീബോർഡിന്റെ വിടവുകളിൽ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങൾ നടത്തുന്ന ഈ കാലത്ത്, 'രാഷ്ട്രീയ ശരി'കളുടെ പ്ലാസ്റ്റിക്‌കയറുകൾ കൊണ്ട് നൈസർഗികതയെ വരിഞ്ഞു മുറുക്കിക്കൊന്ന് വികടനിരൂപണത്തിന്റെ പങ്കകളിൽ കെട്ടിത്തൂക്കുന്ന ഈ കാലത്ത്, അവിശുദ്ധരാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെപ്പോലും വിലയ്ക്കു വാങ്ങുന്ന ഇക്കാലത്ത്, പൊരുതിനിൽക്കാൻ ഒരു യൗവനംപോലുമില്ലാതെ, തീവ്രവിഷാദം ബാധിച്ച് പതിയെ ഉറഞ്ഞ് ഇല്ലാതാവുന്ന ഒരു വൃദ്ധനക്ഷത്രമായി അദ്ദേഹം മാറാതിരുന്നത് എന്തുകൊണ്ടും നന്നായി - മുരളി ​ഗോപി കുറിച്ചു.



മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് വലിയതോതിലുള്ള ആക്രമണങ്ങളാണ് തീവ്ര വലതുപക്ഷത്തിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായത്. സിനിമക്കെതിരെ സംഘപരിവാർ രംഗത്തെത്തിയതിന് പിന്നാലെ 24 സീനുകൾ ചിത്രത്തിൽ നിന്ന് മുറിച്ച് മാറ്റി. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്നായിരുന്നു ഹിന്ദുത്വ- സംഘപരിവാർ സംഘടനകളുടെ ആവശ്യം. വിവാദങ്ങള്‍ കടുത്തതോടെയാണ് റീ സെന്‍സറിങ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായത്. പൃഥ്വിരാജ് സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. 

SCROLL FOR NEXT