മമ്മൂട്ടി 
MOVIES

ഇന്ത്യൻ സിനിമയിലെ ലോകോത്തര നടൻ; മമ്മൂട്ടിക്ക് ഇന്ന് 75ാം ജന്മദിനം

ചെന്നൈയിലെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം

Author : ന്യൂസ് ഡെസ്ക്

സിനിമാസ്വാദകരെ നിരന്തരം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാൽ. മലയാളിയുടെ സിനിമാഭിരൂചിയെ പാകപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നടൻ ഇന്നും സ്വയം തേച്ചുമിനുക്കി മലയാള സിനിമയെ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. ഇത്തവണ ചെന്നൈയിലെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം.

1971ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിലൂടെയാണ് പി.എ. മുഹമ്മദ് കുട്ടിയെന്ന നടനെ മലയാളി പ്രേക്ഷകർ വെള്ളിത്തിരയിൽ കാണുന്നത്. ആ യാത്ര 55 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്ന് ആബാലവൃദ്ധ ജനങ്ങൾക്ക് ആ നടൻ മമ്മൂട്ടിയാണ്, മമ്മൂക്കയാണ്. 'മെത്തേഡ് ആക്ടിങ്' എന്നാണ് മമ്മൂട്ടിയുടെ അഭിനയ രീതിയെ വിശേഷിപ്പിച്ചുകാണാറുള്ളത്. എന്നാല്‍ അഭിനയത്തില്‍ അങ്ങനെ തെക്ക്-വടക്കന്‍ ചിട്ടകള്‍ മമ്മൂട്ടി പിന്തുടരാറില്ല. സൂക്ഷിച്ച് നോക്കിയാല്‍ ഒരു തസ്കരനെ പോലെയാണ് അദ്ദേഹം. കഥാപാത്രങ്ങള്‍ക്കുള്ളില്‍ അയാള്‍ പതുങ്ങിയിരിക്കും. തന്റെ ശ്വാസോച്ഛ്വാസം പോലും വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കും. അങ്ങനെ അനശ്വരമാക്കിയ കഥാപാത്രങ്ങൾ എണ്ണിയാൽ തീരില്ല. ആ പട്ടിക വികസിച്ചുകൊണ്ടിരിക്കുന്നു.

ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് ദേശത്തായിരുന്നു ബാല്യകാലം. ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രട്ട് ഹാർട്ടിലും എറണാകുളം മഹാരാജാസിലും ലോ കോളേജിലുമായി ഉന്നതവിദ്യാഭ്യാസം. കുറച്ചുകാലം മലപ്പുറം മഞ്ചേരിയിൽ ശ്രീധരൻ നായർ എന്ന പ്രശസ്ത അഭിഭാഷകന്റെ കീഴിൽ ജൂനിയ‍ർ വക്കീലായി ജോലി ചെയ്തു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം വക്കീൽ കുപ്പായം അഴിപ്പിച്ചുവച്ചു.

അഞ്ചു പതിറ്റാണ്ട് കാലം നീണ്ട ചലച്ചിത്രയാത്രയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി 425ലേറെ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. അല്ല, ജീവിച്ചത്. ഓരോ കഥാപാത്രത്തിനും മമ്മൂട്ടി രക്തവും മാംസവും നൽകി. സ്ക്രീനിൽ മമ്മൂട്ടി വിതുമ്പിയപ്പോൾ മറുപുറത്ത് കാണികൾ പൊട്ടിക്കരഞ്ഞു.

നാല് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്. നാലാം വട്ടം പുരസ്കാരം ലഭിച്ചത് ഈ പിറന്നാൾ വർഷമാണ്. 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരത്തിന് അർഹനായത്. ഏഴ് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിനും അർഹനായി. 2022ൽ പ്രഥമ കേരളപ്രഭ പുരസ്‌‍ക്കാരം ലഭിച്ചു. 1998ൽ പത്മശ്രീ ബഹുമതി ലഭിച്ച മമ്മൂട്ടിയെ, 75ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.

SCROLL FOR NEXT