MOVIES

നിര്‍മാതാക്കളുടെ സംഘടനയ്ക്കുള്ളിലെ തര്‍ക്കം; ഇടപെട്ട് മമ്മൂട്ടിയും മോഹന്‍ലാലും

ജി സുരേഷ് കുമാര്‍ അനുനയ നീക്കത്തോട് വഴങ്ങുന്നില്ല

Author : ന്യൂസ് ഡെസ്ക്


നിര്‍മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ നടക്കുന്ന തര്‍ക്കത്തില്‍ നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ടു. എന്നാല്‍ ജി സുരേഷ് കുമാര്‍ അനുനയ നീക്കത്തോട് വഴങ്ങുന്നില്ല. തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. താന്‍ പറഞ്ഞത് സംഘടനയ്ക്കുള്ളില്‍ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സംഘടനയ്ക്കുള്ളിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കല്‍ വൈകുമെന്നാണ് സൂചന.

അതേസമയം, തര്‍ക്ക പരിഹാരത്തിനായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ മാസം 24ന് കൊച്ചിയില്‍ സിനിമാ സംഘടനകളുടെ യോഗം ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഈ വിഷയത്തില്‍ സംസാരിക്കാനായി വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.

താന്‍ സുരേഷ് കുമാറിനൊപ്പമാണെന്നും സിനിമ സമരം വന്നാല്‍ ആന്റണി പെരുമ്പാവൂര്‍ ഒപ്പമുണ്ടാകുമെന്നുമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. ആന്റണി ചേട്ടന്‍ പോസ്റ്റിടാന്‍ കാരണം സുരേഷ് കുമാര്‍ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പറഞ്ഞതുകൊണ്ടാണെന്നും ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

'ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യ ബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യ ചര്‍ച്ചയ്ക്ക് വിധേയമാക്കിയത് എന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല, എന്റെ ബിസിനസുകളെ കുറിച്ചും... ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ലിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ, നെഗറ്റീവാക്കി പറഞ്ഞതാണോ എന്നും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല,' എന്നാണ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ട് നടന്മാരായ ടൊവിനോ തോമസും പൃഥ്വിരാജും ബേസില്‍ ജോസഫും ആന്റണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 14ന് എംപുരാന്‍ സിനിമയുടെ നായകനായ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തി. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം' എന്നാണ് സുരേഷ് കുമാറിനെതിരെയുള്ള ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

SCROLL FOR NEXT