MOVIES

'ഇനിയും കണ്ടെത്താത്തൊരു മമ്മൂട്ടിയുണ്ടോ?' സ്വയം തേച്ചുമിനുക്കുന്ന അഭിനയദേഹം

ഈ എഴുപത്തിയഞ്ചാം പിറന്നാൾ ദിവസവും നമ്മൾ കൗതുകപ്പെടുന്നുണ്ട്. "മമ്മൂട്ടി എന്താണ് ഇനി ചെയ്യാൻ പോകുന്നത്?

Author : സുജിത് ചന്ദ്രന്‍

ചില മനുഷ്യർ കാലത്തിനൊപ്പം നടക്കും. ചിലർ കാലത്തെ അടയാളപ്പെടുത്തും. ചിലർ കാലത്തിന്റെ തിരുനെറ്റിയിൽ സ്വന്തം കയ്യൊപ്പുചാർത്തും. പക്ഷേ, അപൂർവം ചിലർ സ്വന്തമായൊരു കാലം സൃഷ്ടിക്കും. അങ്ങനെയൊരു കാലത്തിന്റെ പേരാണ് 'മമ്മൂട്ടി'.

ഒരേസമയം ശിലയും ജലവുമായൊരു അഭിനയദേഹം. കഥാപാത്രദേഹങ്ങളിലേക്ക് ജലംപോലെയും അവരുടെ മനോരഥ മൂശകളിലേക്ക് ശിലപോലെയും ഉരുകിവീണുറയുന്ന ഒരത്ഭുതപ്രവർത്തനമാണ് മമ്മൂട്ടിയുടെ പകർന്നാട്ടം. കടന്നുപോയ എഴുപത്തിയഞ്ച് വയസിൽ അൻപതിലേറെക്കൊല്ലവും അദ്ദേഹം അതുതന്നെ ചെയ്തു.

ഒരൊറ്റ പ്രഹരത്തിൽ പരിപൂർണമായ അഭിനയശിൽപ്പമല്ല മമ്മൂട്ടി. ഇക്കണ്ട കാലമത്രയും സ്വയം ചെത്തിയും ചീന്തിയും രാകിയും ഉരുവായതാണ്. അഞ്ച് പതിറ്റാണ്ടിലേറെക്കഴിഞ്ഞിട്ടും വീണ്ടും വീണ്ടും സ്വയം പൊളിച്ചുവാർക്കണം എന്ന അസ്വസ്ഥമായ അഭിനിവേശം. 'ഇനിയും കണ്ടെത്താത്തൊരു മമ്മൂട്ടിയുണ്ടോ?' എന്ന സ്വയം തിരച്ചിൽ. തനിക്ക് പണിക്കുറ്റപ്പാട് തീർന്നെന്ന് ഒരിക്കലും വിശ്വസിക്കാത്തതാണ് മമ്മൂട്ടിയുടെ വലുപ്പവും മഹത്വവും.

പിന്നിട്ട വഴിയിൽ എണ്ണിയാൽ ഒടുങ്ങാത്ത പുരസ്കാരങ്ങുടെ നിര കാണാം. രാജ്യത്തെ ഏറ്റവും മികച്ച നടനുള്ള സമ്മാനം ഇക്കഴിഞ്ഞ കൊല്ലം നാലാമതും മമ്മൂട്ടി ഏറ്റുവാങ്ങി. അംഗീകാരങ്ങളുടെ പെരുക്കപ്പട്ടിക എണ്ണിപ്പറയുന്നത് ഇനി അധികപ്പറ്റാകും. മമ്മൂട്ടിയുടെ കയ്യിലെത്തുമ്പോൾ പുരസ്കാരങ്ങൾക്ക് ഒരധികഗൗരവം കിട്ടുന്നു, അത്രമാത്രം.

എഴുപത്തിയഞ്ചാം വയസിലും അദ്ദേഹം പുതിയ കഥാപാത്രത്തെക്കുറിച്ച് കൗതുകപ്പെടുന്നു. പുതിയ സംവിധായകരുടെ കാഴ്ചപ്പാടുകളെ വിശ്വസിക്കുന്നു. പുതുതലമുറയുടെ കഴിവുകളിൽ ആവേശം കണ്ടെത്തുന്നു. സ്വന്തം മഹത്വത്തിൽ വിശ്രമിക്കാതിരിക്കുകയെന്ന പാഠം കൂടിയാണ് നമുക്ക് മമ്മൂട്ടി.

പ്രണയത്തിൽ തോറ്റ മനുഷ്യനായി... വേദന ഒളിപ്പിച്ച പിതാവായി... അധികാരത്തിൻ്റെ ആൾരൂപമായി... പകയുമായി വന്ന നായകനായി.. നിസഹായതയുടെ നിഴലായി...ഒരു വിതുമ്പലിൽ മമ്മൂട്ടി വികാരലോകമാകെ വിരിയിച്ചു.. ഒരു നോട്ടത്തിൽ കഥാപാത്രലോകങ്ങളെയാകെ വരച്ചിട്ടു.. മൗനങ്ങളിൽ പോലും മമ്മൂട്ടി സാകല്യമായി.

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനിലൂടെയും കുട്ടികൾക്കും വയോധികർക്കുമുള്ള ചികിത്സാ പദ്ധതികളിലൂടെയുമെല്ലാം സമൂഹത്തിന് തിരിച്ചും അദ്ദേഹം കരുതൽ പകുത്തുകൊടുക്കുന്നു.

ഈ എഴുപത്തിയഞ്ചാം പിറന്നാൾ ദിവസവും നമ്മൾ കൗതുകപ്പെടുന്നുണ്ട്. "മമ്മൂട്ടി എന്താണ് ഇനി ചെയ്യാൻ പോകുന്നത്?" അതാണ് ഏറ്റവും മനോഹരം. ഇത്രയും വർഷങ്ങൾക്കുശേഷവും നമുക്ക് അദ്ദേഹത്തെക്കുറിച്ച് ആ ചോദ്യം ചോദിക്കാനാകുന്നു.

നന്ദി, മമ്മൂക്ക... ജനിച്ചതിന്...ഞങ്ങളുടെ ചിരികൾക്ക്, ഞങ്ങളുടെ കണ്ണീരിന്, പ്രണയത്തിന്, സ്വപ്നങ്ങൾക്ക്, ഞങ്ങളുടെ സിനിമാ സ്നേഹത്തിന് ഇത്രയും മനോഹരമായ സന്ദർഭങ്ങൾ നൽകിയതിന്... ഓരോ ദിവസവും സ്വയം പുനർനിർമിച്ചുകൊണ്ടിരിക്കുന്ന അത്ഭുതമായി വിസ്മയിപ്പിക്കുന്നതിന്... ഞങ്ങളുടെ കാലത്തെ ഇത്രമേൽ സമ്പന്നമാക്കുന്നതിന്...

ഇനിയും വിസ്മയങ്ങൾ പിറക്കട്ടെ... ഇനിയും ഒരുപാട് തവണ ‘ഇത് മമ്മൂട്ടിക്ക് മാത്രമേ കഴിയൂ’ എന്ന് നമ്മൾ അത്ഭുതത്തോടെ പറഞ്ഞുകൊണ്ടേയിരിക്കട്ടെ...പിറന്നാളാശംസകൾ, പ്രിയപ്പെട്ട മമ്മൂക്കാ...

SCROLL FOR NEXT