പേട്രിയറ്റ്' സിനിമ 
MOVIES

ചരിത്രം രചിക്കാൻ 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച്! ഫാൻസിനൊപ്പം തൃശൂരിൽ മമ്മൂട്ടി, കൊച്ചിയിൽ മോഹൻലാൽ

ആദ്യമായാണ് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പേട്രിയറ്റി'ന്റെ ട്രെയ്‌ലർ റിലീസ് ആഘോഷമാക്കാൻ അണിയപ്രവർത്തകർ. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത്. ഏപ്രിൽ നാലിന് നടക്കുന്ന പരിപാടിയിൽ ഫാൻസിനൊപ്പമാകും താരങ്ങൾ ട്രെയ്‌ലർ പുറത്തുവിടുക. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്.

ഏപ്രിൽ നാലാം തീയതി വൈകുന്നേരം ആറ് മണിക്ക് മോഹൻലാൽ എറണാകുളം കവിത തിയേറ്ററിലും മമ്മൂട്ടി തൃശൂർ രാഗം തിയേറ്ററിലും ട്രെയ്‌ലർ റിലീസ് ചെയ്യും. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുതാരങ്ങളും ഇക്കാര്യം അറിയിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ഏപ്രിൽ 23ന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. ഹൈ വോൾട്ടേജ് സ്പൈ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം.

മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍', 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ക്യാമറ. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.

SCROLL FOR NEXT