നസീറുദ്ദീന്‍ ഷാ, മമ്മൂട്ടി 
MOVIES

32 വർഷത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം 'ശീമ തമ്പുരാൻ'; ഔദ്യോഗിക പ്രഖ്യാപനവുമായി 'ഓം' ടീം

ഒന്നിലധികം ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിൽ കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ശിവകാർത്തികേയൻ നായകനായ 'അമരൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമാണ് 'ഓം ചാപ്റ്റര്‍ : ഉധിരം'. ഒന്നിലധികം ഭാഗങ്ങളായിട്ടാണ് 'ഓം' പുറത്തിറങ്ങുന്നത്. മമ്മൂട്ടി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നസീറുദ്ദീന്‍ ഷായും ഭാഗമാകുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 32 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും സ്ക്രീനിൽ ഒന്നിക്കുന്നത്.

ടി.വി. ചന്ദ്രന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ 'പൊന്തന്‍മാട'യിലാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്രം പുരസ്കാരവും ലഭിച്ചിരുന്നു. 'ശീമ തമ്പുരാന്‍' എന്ന കഥാപാത്രത്തെയാണ് സിനിമയിൽ നസറുദ്ദീന്‍ ഷാ അവതരിപ്പിച്ചത്. അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന ഇരുനടന്മാരും സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

അടുത്തിടെയാണ് 'ഓം: ചാപ്റ്റർ വൺ' ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവന്നത്. കേന്ദ്ര കഥാപാത്രമാകുന്ന ധനുഷിനെ അവതരിപ്പിക്കുന്ന രണ്ടര മിനുട്ടിന് പുറത്തുള്ള ടൈറ്റിൽ വീഡിയോയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടൈറ്റിൽ റിവീൽ വീഡിയോയിൽ മമ്മൂട്ടിയെ കാണിക്കാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. കാർത്തികേയൻ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. നടന്റെ ക്യാരക്ടർ വീഡിയോ ഉടൻ പുറത്തുവിടുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.

'മാരി 2'വിന് ശേഷം ധനുഷും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഓം'. ശ്രീലീലയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർടേക്ക് സ്റ്റുഡിയോസുമായി ചേർന്ന് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വുന്ദർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സെൻസേഷണൽ മ്യൂസിക് ഡയറക്ടർ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം.

സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംവിധായകൻ രാജ്കുമാർ പെരിയസാമി ചെറിയൊരു സൂചന നൽകിയിട്ടുണ്ട്. തന്റെ മുൻ ചിത്രമായ 'അമരൻ' ഒരു സൈനികന്റെ കഥയായിരുന്നുവെങ്കിൽ, 'ഓം' സമൂഹത്തിൽ ജീവിക്കുന്ന, അധികമാരാലും അറിയപ്പെടാത്ത നിരവധി 'അജ്ഞാതരായ നായകന്മാരുടെ' കഥയായിരിക്കും എന്നാണ് സംവിധായകൻ പറഞ്ഞത്.

SCROLL FOR NEXT