MOVIES

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു; അര്‍ജുന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

കര്‍ണാടകയിലെ ഷിരൂരില്‍ ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്

Author : ന്യൂസ് ഡെസ്ക്

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം 71 ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് കണ്ടെത്തിയത്. ഇന്ന് നടത്തിയ പരിശോധനയിലാണ് ലോറിയും ലോറിക്കുള്ളിലായി മൃതദേഹവും ലഭിച്ചത്. നിരവധി പേരാണ് ഈ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ നടന്‍ മമ്മൂട്ടി അര്‍ജുന് ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് താരം ആദരാഞ്ജലി അര്‍പ്പിച്ചത്.

'72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും. ഒടുവില്‍ ഇന്ന് വിട പറയേണ്ടി വന്നു. ആദരാഞ്ജലികള്‍ അര്‍ജുന്‍', എന്നാണ് മമ്മൂട്ടി കുറിച്ചത്.

കര്‍ണാടകയിലെ ഷിരൂരില്‍ ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. മണ്ണിടിച്ചിലില്‍ അര്‍ജുനും അകപ്പെട്ടിട്ടുണ്ടോയെന്ന് സംശയിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. കര-നാവിക സേനകളും എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും പൊലീസുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെങ്കിലും ലോറി കണ്ടെത്താനായിരുന്നില്ല. മഴ ശക്തമായത് മൂലം ഇടയ്ക്ക് വെച്ച് തെരച്ചില്‍ നിര്‍ത്തി വെക്കേണ്ടതായും വന്നു. പിന്നീട് തെരച്ചില്‍ പുനരാരംഭിക്കുകയും തെരച്ചിലില്‍ ലോറിയുടെ എഞ്ചിന്‍ കണ്ടെത്തുകയും ചെയ്തിരുന്നു.





SCROLL FOR NEXT