ചെന്നൈ: ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ ചിത്രമായിരുന്നു 'അമരൻ'. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിൽ ഉൾപ്പെടെ പ്രദർശിപ്പിച്ചിരുന്നു. 'അമരന്' ശേഷം ധനുഷിനെ നായകനാക്കി രാജ്‌കുമാർ ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട ചില സ്ഥിരീകരിക്കാത്ത അപ്ഡേറ്റുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.
രാജ്‌കുമാർ പെരിയസാമി-ധനുഷ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മമ്മൂട്ടി എത്തുന്നതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 15 കോടി രൂപയാണ് താരത്തിന് പ്രതിഫലമായി ഓഫർ ചെയ്തതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം മമ്മൂട്ടിയോ സിനിമയുടെ അണിയറ പ്രവർത്തകരോ സ്ഥിരീകരിച്ചിട്ടില്ല. സായ് പല്ലവിയാകും ചിത്രത്തിലെ നായികയെന്നും സൂചനയുണ്ട്. നേരത്തെ, നായികയുടെ റോളിലേക്ക് പൂജാ ഹെഗ്ഡെയെ പരിഗണിച്ചിരുന്നു.
അതേസമയം, മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തിയ 'കളങ്കാവൽ' മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് നായകൻ. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 31.2 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. ജിഷ്ണു ശ്രീകുമാറും, ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണിത്.
ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.