MOVIES

കളക്ഷന്‍റെ അമിതഭാരമൊന്നും മമ്മൂട്ടിയെ ബാധിക്കുന്നില്ല; കഥാപാത്രത്തിന്‍റെ പുതുമയിലാണ് ശ്രദ്ധ: മഹേഷ് നാരായണന്‍

മമ്മൂട്ടിയുടെ സമീപകാല പ്രകടനങ്ങളായ കാതല്‍, ഭ്രമയുഗം തുടങ്ങിയ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചക്കിടയിലാണ് മമ്മൂട്ടി കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് മഹേഷ് നാരായണൻ വാചാലനായത്

Author : ന്യൂസ് ഡെസ്ക്


ഒരു താരത്തിന് നേരിടേണ്ടി വരുന്ന അമിത ഭാരങ്ങളൊന്നുമില്ലാത്ത നടനാണ് മമ്മൂട്ടിയെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നടത്തിയ സംവിധായകരുടെ റൗണ്ട് ടേബിള്‍ സംവാദത്തിലായിരുന്നു മഹേഷ് നാരായണൻറെ പ്രതികരണം. മമ്മൂട്ടിയുടെ സമീപകാല പ്രകടനങ്ങളായ കാതല്‍, ഭ്രമയുഗം തുടങ്ങിയ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചക്കിടയിലാണ് മമ്മൂട്ടി കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് അദ്ദേഹം വാചാലനായത്.

സാധാരണ താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍, സിനിമയുടെ വലുപ്പം, എത്ര കളക്ഷന്‍ നേടുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ആശങ്കാകുലരാണ്, എന്നാല്‍ മമ്മൂട്ടി ഇത്തരം അമിത ഭാരങ്ങളൊന്നും തന്നെ കെയര്‍ ചെയ്യുന്നില്ല. ചെറിയ റോളായാലും ചെറിയ ഷെഡ്യൂളിലുള്ള സിനിമ ആണെങ്കിലും അദ്ദേഹം ചെയ്യാന്‍ തയാറാണ്. അമിതാഭ് ബച്ചനെ പോലെ എല്ലാത്തരം റോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. പുതിയതായി എന്താണ് കഥയില്‍ ഉള്ളതെന്നും തന്‍റെ കഥാപാത്രത്തെ എത്ര നന്നായിട്ടാണ് എഴുതിയിരിക്കുന്നത് എന്ന് മാത്രമാണ് അദ്ദേഹം ശ്രദ്ധിക്കുന്നതെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

പുതിയ അഭിനേതാക്കൾക്ക് മമ്മൂട്ടിയെ പോലുള്ള അഭിനേതാക്കൾ ഒരു പ്രചോദനമാണെന്നും മുന്നിൽ അത്തരം ഒരു അഭിനേതാവ് വഴികാട്ടിയായി ഉണ്ടെങ്കിൽ മാത്രമേ അഭിനേതാക്കൾക്ക് അത് പോലെ ആകണമെന്ന ആഗ്രഹം ഉണ്ടാകുകയുള്ളൂവെന്ന് സംവിധായകന്‍ വെട്രിമാരനും പറഞ്ഞു.

കാതല്‍ പോലെ ഒരു സിനിമയില്‍ അഭിനയിച്ചതിനൊപ്പം മമ്മൂട്ടി അതിന് നിര്‍മാതാവാകാന്‍ തയാറായതിനെ കരണ്‍ ജോഹര്‍ അഭിനന്ദിച്ചു. സോയ അക്തര്‍, പാ രഞ്ജിത്ത് എന്നിവരും ചര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അണിയറില്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവരുന്നു. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നുണ്ട്. കേരളം, ശ്രീലങ്ക, ഡല്‍ഹി, യുകെ എന്നിവിടങ്ങളിലാകും ചിത്രീകരണം.

SCROLL FOR NEXT