MOVIES

പുതിയ ലുക്കുമായി മമ്മൂട്ടി; ആവേശത്തോടെ ആരാധകര്‍

മമ്മൂട്ടിയും നവാഗതനായ ജിതിന്‍ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിലെ ലുക്കാണിതെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്


നടന്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടിയും നവാഗതനായ ജിതിന്‍ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിലെ ലുക്കാണിതെന്നാണ് സൂചന. മുടി പിന്നിലേക്ക് ചീകിയൊതിക്കിയ രീതിയിലാണ് മമ്മൂട്ടിയെ പുതിയ ലുക്കില്‍ കാണുന്നത്. ഇളം റോസ് നിറത്തിലുള്ള ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്.

കുറുപ്പിന്റെ സഹ തിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ വിനായകന്റെ വില്ലനായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജോമോന്‍ ടി ജോണ്‍ ആയിരിക്കും ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.


അതേസമയം ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിക്ക് പുറമെ ഗൗതം വാസുദേവ് മേനോന്‍, ബാബു ആന്റണി, ഗായത്രി ഐയ്യര്‍, നീതാ പിള്ള, ദിവ്യ പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍. മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. 


അതോടൊപ്പം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്ന ചിത്രവും റിലീസ് ചെയ്യാനിരിക്കുന്നുണ്ട്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൂരജ് ആര്‍, നീരജ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.






SCROLL FOR NEXT