ദീപിക പദുകോണ്‍, മണിരത്നം  Source : X / TamilCineX , Facebook / Maniratnam
MOVIES

"അത് ന്യായം, അവരങ്ങനെ ചോദിക്കാന്‍ തക്ക സ്ഥാനത്ത് എത്തിയതില്‍ സന്തോഷം"; സന്ദീപ് റെഡ്ഡി-ദീപിക വിവാദത്തില്‍ മണിരത്‌നം

സന്ദീപ് - ദീപിക വിവാദത്തില്‍ സംവിധായകന്‍ മണിരത്‌നം ദീപികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

'സ്പിരിറ്റില്‍' നിന്ന് ദീപിക പദുകോണിനെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക പുറത്താക്കിയെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചാ വിഷയമാണ്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യില്ലെന്ന ദീപികയുടെ ഡിമാന്റിനെ അംഗീകരിക്കാന്‍ സന്ദീപിന് ആയില്ല എന്നതാണ് സിനിമയില്‍ നിന്ന് നടിയെ പുറത്താക്കാനുള്ള കാരണമായി പറയുന്നത്. സന്ദീപ് - ദീപിക വിവാദത്തില്‍ ഇപ്പോള്‍ സംവിധായകന്‍ മണിരത്‌നം ദീപികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് മണിരത്‌നം ഇതേ കുറിച്ച് സംസാരിച്ചത്.

"അതൊരു ന്യായമായ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അത് ആവശ്യപ്പെടാന്‍ സാധിക്കുന്ന സ്ഥാനത്ത് അവര്‍ എത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍, നിങ്ങള്‍ കാസ്റ്റ് ചെയ്യുമ്പോള്‍ അത്തരം കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ഞാന്‍ കരുതുന്നു. അത് ചോദിക്കുന്നത് യുക്തിരഹിതമായ കാര്യമല്ല. മറിച്ച് ഒരു അനിവാര്യതയാണ്. അതായിരിക്കണം മുന്‍ഗണന എന്ന് ഞാന്‍ കരുതുന്നു. അത് നിങ്ങള്‍ അംഗീകരിക്കുകയും മനസിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം"; എന്നാണ് മണിരത്‌നം പറഞ്ഞത്.

നേരത്തെ നടന്‍ അജയ് ദേവ്ഗണും ദീപികയ്ക്ക് പിന്തുണ അറിയിച്ച് സംസാരിച്ചിരുന്നു. "ആളുകള്‍ക്ക് അത് അത്ര സുഖകരമായിരിക്കില്ല എന്നതല്ല ഇവിടുത്തെ വിഷയം. മികച്ച സംവിധായര്‍ക്ക് അതില്‍ ഒരു പ്രശ്‌നവും ഉണ്ടാകാറില്ല. ഒരു അമ്മ എന്ന നിലയില്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നതിന് പുറമെ, മിക്ക ആളുകളും എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്", അജയ് ദേവ്ഗണ്‍ പറഞ്ഞു.

ദീപികയെ ചിത്രത്തില്‍ നിന്ന് മാറ്റി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബോളിവുഡ് നടി ത്രിപ്തി ദിമ്രിയെ സിനിമയിലെ നായികയായി സന്ദീപ് ഔദ്യോഗിക പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം സന്ദീപ് എക്‌സില്‍ ഒരു കുറിപ്പും പങ്കുവെച്ചു. "ഞാന്‍ ഒരു അഭിനേതാവിനോട് കഥ പറയുമ്പോള്‍ 100 ശതമാനം വിശ്വാസമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഔദ്യോഗികമല്ലാത്ത വാക്കാല്‍ ഉള്ള ഒരു കരാര്‍ രൂപപ്പെടുന്നു. അത് ചെയ്യുന്നതിലൂടെ നിങ്ങള്‍ ആ വ്യക്തിക്ക് മുന്നില്‍ തുറന്ന് കാട്ടപ്പെടുകയാണ്. ഒരു യുവ അഭിനേതാവിനെ താഴ്ത്തികെട്ടുകയും എന്റെ കഥ ഇല്ലാതാക്കുകയും ചെയ്തു. ഇതാണോ നിങ്ങളുടെ ഫെമിനിസം ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ജോലിയില്‍ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ച് സിനിമയാണ് എല്ലാം. നിങ്ങള്‍ക്ക് അത് ഒരിക്കലും മനസിലാവില്ല. അടുത്ത തവണ, കഥ മുഴുവന്‍ പറയണം. കാരണം എനിക്ക് ഇതൊന്നും വലിയ കാര്യമല്ല. നിങ്ങളുടെ ഡേര്‍ട്ടി പിആര്‍ ഗെയിംസ്"; എന്നായിരുന്നു സന്ദീപിന്റെ എക്സ് പോസ്റ്റ്.

അതിന് പിന്നാലെ ദീപിക വേഗ് അറേബ്യക്ക് നല്‍കിയ അഭിമുഖത്തില്‍, "എനിക്ക് സമാധാനം തരുന്ന കാര്യങ്ങളില്‍ ഞാന്‍ ഉറച്ച് നില്‍ക്കും" എന്ന് പറഞ്ഞിരുന്നു. ഇത് സന്ദീപ് റെഡ്ഡിയുടെ പോസ്റ്റിനുള്ള മറുപടിയാണെന്നാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്നു വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ഈ വിവാദത്തില്‍ ഇതുവരെ ദീപിക ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല.

SCROLL FOR NEXT