മലയാള സിനിമ ഇപ്പോള്‍ കടന്ന് പോകുന്നത് സങ്കടകരമായ ഘട്ടത്തിലൂടെയാണെന്ന് നടി മഞ്ജു വാര്യര്‍. കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ എന്നും മഞ്ജു വാര്യര്‍ പറഞ്ഞു. താമരശ്ശേരിയില്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ക്കൊപ്പം നടന്‍ ടൊവിനോ തോമസും വേദിയില്‍ ഉണ്ടായിരുന്നു.
'ഞാനും ടൊവിയും ഇന്ന് ഇവിടെ വന്ന് നില്‍ക്കാന്‍ കാരണമായിരിക്കുന്നത് മലയാള സിനിമയാണ്. മലയാള സിനിമ ഇപ്പോള്‍, നിങ്ങളെല്ലാവരും വാര്‍ത്തകളിലൂടെ കാണുന്നുണ്ടാകും ചെറിയൊരു സങ്കടമുള്ള ഘട്ടത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്. പക്ഷെ അതെല്ലാം കലങ്ങി തെളിയട്ടെ വേഗം കാര്‍മേഘങ്ങളൊക്കെ ഒഴിയട്ടെ. നിങ്ങളുടെ ഒക്കെ സ്‌നേഹവും പ്രോത്സാഹനവും ഉള്ളടത്തോളം കാലം എനിക്കോ ടൊവിനോക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം', മഞ്ജു വാര്യര്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് മഞ്ജു വാര്യര്‍ ഇക്കാര്യങ്ങള്‍ ഉദ്ഘാടന വേദിയില്‍ പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവസാനമായി പീഡന പരാതി ഉയര്‍ന്നുവന്നത് നടന്‍ നിവിന്‍ പോളിക്കെതിരെയാണ്.