MOVIES

'അധികാരം, ജാതി, അടിച്ചമർത്തല്‍'; വെട്രിമാരന്‍ ചിത്രം വിടുതലൈ 2 ട്രെയിലർ പുറത്ത്, വിജയ് സേതുപതിക്കൊപ്പം ശക്തമായ കഥാപാത്രമായി മഞ്ജു വാര്യരും

വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും

Author : ന്യൂസ് ഡെസ്ക്

2024ല്‍ സിനിമാസ്വാദകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന ദേശീയ അവാർഡ് ജേതാവ് വെട്രിമാരന്‍റെ വിടുതലൈ പാർട്ട് 2വിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. നിമിഷ നേരം കൊണ്ട് തന്നെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചെന്നൈയിൽ ഇളയരാജ, വിജയ് സേതുപതി, വെട്രിമാരൻ,സൂരി, പീറ്റർ ഹെയ്ൻ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേർന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്തത്‌.

തൊഴിലാളിയായ പെരുമാളിനെ പെരുമാൾ വാത്തിയാർ ആക്കിയ സാമൂഹിക സാഹചര്യങ്ങളിലൂടെയാണ് വിടുതലൈയുടെ രണ്ടാം ഭാഗം സഞ്ചരിക്കുന്നതെന്ന സൂചനകള്‍ ട്രെയിലർ തരുന്നു. 'വന്‍മുറ എങ്ക മൊഴിയല്ല, ആനാല്‍ എങ്കള്‍ക്ക് അന്ത മൊഴിയും പേസ തെരിയും' എന്ന പെരുമാളിന്‍റെ ഡയലോഗ്, സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്ന വയലന്‍സിന്‍റെ ആമുഖമാണ്. ജാതിയും അധികാരവും അതിന്‍റെ ഉപകരണമാകുന്ന പൊലീസ് സംവിധാനവുമെല്ലാം വിടുതലൈ ചർച്ച ചെയ്യുന്നു.

വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ്.

Also Read: മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍'; നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഒന്നാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്ത്

സാമൂഹിക പ്രവർത്തകയും പെരുമാളിൻ്റെ പ്രണയിനിയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരെയും ട്രെയിലർ പരിചയപ്പെടുത്തുന്നു. തന്‍റെ മറ്റ് സിനിമകള്‍ പോലെതന്നെ ശക്തമായ കഥയുടെ പശ്ചാത്തലത്തില്‍ കൃത്യമായ രാഷ്ട്രീയം അവതരിപ്പിക്കുന്ന ചിത്രം തന്നെയാണ് ഇത്തവണയും വെട്രിമാരന്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ ഉറപ്പുനല്‍കുന്നു.

ആർഎസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്. വിടുതലൈ 2 ന്റെ ഡി ഓ പി: ആർ.വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി.ആർ.ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

SCROLL FOR NEXT