മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ അറസ്റ്റിൽ Source: Facebook/ Soubin Shahir
MOVIES

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

പ്രതികള്‍ക്ക് അനുകൂലമായ നിലപാട് പൊലീസ് സ്വീകരിച്ചിട്ടുണ്ടോ എന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കും.

Author : ന്യൂസ് ഡെസ്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി ക്രൈം ബ്രാഞ്ച്. സൗബിന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. പ്രതികള്‍ക്ക് അനുകൂലമായ നിലപാട് പൊലീസ് സ്വീകരിച്ചിട്ടുണ്ടോ എന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കും. പൊലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് മരട് പൊലീസില്‍ നിന്നും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.

അതേസമയം കേസില്‍ സൗബിന്‍ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേസ് സിവില്‍ തര്‍ക്കമാണെന്നും ആര്‍ബിട്രേഷന്‍ നിലനില്‍ക്കുകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. അരൂര്‍ സ്വദേശി സിറാജ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭവിഹിതത്തില്‍ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ കയ്യില്‍ നിന്നും ഏഴ് കോടി രൂപ വാങ്ങിയെന്ന് ആരോപിച്ചാണ് സിറാജ് ഹമീത് കേസ് നല്‍കിയത്.

2024 ഫെബ്രുവരി 22നാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററിലെത്തിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ് മരിയന്‍, അഭിരാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ മലയാളത്തിന് പുറമേ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വന്‍ വിജയമായിരുന്നു. 200 കോടിക്ക് മുകളിലാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

SCROLL FOR NEXT