MOVIES

'ഒരു നടനെ എനിക്ക് തല്ലേണ്ടി വന്നു'; തന്റെ പുതിയ ചിത്രമായ 'ഡിസ്പാച്ചി'നെ കുറിച്ച് മനോജ് ബാജ്പയീ

'ഡിസ്പാച്ചി'ല്‍ ബാജ്പയീ ജോയ് എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ദേശീയ പുരസ്‌കാര ജേതാവും പ്രശസ്ത നടനുമായ മനോജ് ബാജ്പയീ സംവിധായകനായ കാനു ബെലിനൊപ്പം ഡിസ്പാച്ച് എന്ന സിനിമ ചെയ്തപ്പോള്‍ ഉള്ള അനുഭവം പങ്കുവെച്ചു. വെറൈറ്റിയോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. 'ഡിസ്പാച്ചി'ല്‍ ബാജ്പയീ ജോയ് എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. മുംബൈയിലുള്ള ഒരു ക്രൈം മാധ്യമപ്രവര്‍ത്തകനായ ജോയ് ഒരു കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റാന്വേഷണത്തില്‍ ഏര്‍പ്പെടുന്നതും അതോടൊപ്പം തന്റെ സാങ്കേതികമായ അറിവ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് 'ഡിസ്പാച്ചിന്റെ ഇതിവൃത്തം.

'ഇതൊരു ത്രില്ലര്‍ ചിത്രമാണെങ്കിലും ബെല്‍ അത് അവതരിപ്പിച്ച രീതിയാണ് എന്നെ ആകര്‍ഷിച്ചത്. തിരക്കഥ നല്ലതാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, അതിലുപരി എനിക്ക് കാനു ബെലിനൊപ്പം സിനിമ ചെയ്യുക എന്നുള്ളതായിരുന്നു പ്രധാനം. എല്ലാവരും ആദ്യം മുതലേ എനിക്കൊരു മുന്‍കരുതല്‍ തന്നിരുന്നു. കാനു ബെല്‍ നിങ്ങളെ മൊത്തത്തില്‍ തകര്‍ക്കും എന്നൊക്കെ അറിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാനുള്ള ആഗ്രഹം കൂടി. അദ്ദേഹത്തിന്റെ രീതി എനിക്ക് അനുഭവിക്കണമെന്നുണ്ടായിരുന്നു', ചിത്രത്തിന്റെ അനുഭവത്തെ പറ്റി ചോദിച്ചപ്പോള്‍ മനോജ് ബാജ്പയീ പറഞ്ഞത് ഇങ്ങനെയാണ്.

ചിത്രത്തില്‍ ഒരു സീനിനു വേണ്ടി താന്‍ മറ്റൊരു നടനെ തല്ലേണ്ടി വന്നുവെന്നും ഒരുപാടു ടേക്കുകള്‍ കാരണം ആ നടന്റെ മൂക്കില്‍ നിന്നും ചോര വന്ന് ആശുപത്രിയില്‍ കൊണ്ട് പോകേണ്ടിവന്നെന്നും മനോജ് പറഞ്ഞു. 'അതുകഴിഞ്ഞു ബെല്‍ എന്റെ വാനിലേക്ക് വന്നു. എന്നിട്ടു ആശ്വസിപ്പിക്കേണ്ടതിനു പകരം, ഇതൊരു സിനിമയാണ്, സാധാരണ സിനിമയല്ല എക്കാലത്തെയും മികച്ച ഒരു സിനിമ. അതുകൊണ്ടു വിഷമിക്കരുത്' എന്ന് പറഞ്ഞു ശകാരിച്ചെന്നും മനോജ് ബാജ്പയീ കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകനായ തന്റെ വേഷത്തിനുവേണ്ടി ബാജ്പയീ തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചെന്നും പറയുകയുണ്ടായി. 'എനിക്ക് മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമൊക്കെയുള്ള ഒരുപാടു ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകളായ സുഹൃത്തുക്കളുണ്ട്. ഞാന്‍ ഈ വേഷത്തിനുവേണ്ടി വര്‍ഷങ്ങളോളം അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അവര്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങള്‍ മനസിലാക്കാന്‍ അതെനിക്കു ഉപകാരമായി' മനോജ് വ്യക്തമാക്കി. ചിത്രം 2024 ഐഎഫ്എഫ്‌ഐ ഗോവയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.






SCROLL FOR NEXT