തമിഴില്‍ നിരവധി രാഷ്ട്രീയ സിനിമകള്‍ ചെയ്യുന്ന മാരി സെല്‍വരാജ് വെളുത്ത നായികയെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത് വലിയ വിവാദമായിരുന്നു. വെളുത്തതോ കറുത്തതോ എന്നതിലുപരി അവരുട കഴിവിനെ വിലയിരുത്തിയാണ് കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നതെന്നായിരുന്നു മാരി സെല്‍വരാജ് പറഞ്ഞത്. ഒപ്പം ഭിന്നശേഷിയുള്ള ഒരാളുടെ കഥാപാത്രം ചെയ്യാന്‍ ഭിന്നശേഷിക്കാരനായ ഒരാള്‍ തന്നെ വേണമെന്നില്ലല്ലോ എന്ന് മറുപടി പറഞ്ഞതും വിവാദമായിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് മാരി സെല്‍വരാജ്.
എന്തുകൊണ്ട് വെളുത്ത നായികയെ തന്നെ തെരഞ്ഞെടുക്കുന്നു എന്ന് വീണ്ടും ചോദിക്കുമ്പോള്‍ താന്‍ ചെയ്യുന്നത് തെറ്റാണെന്ന ബോധ്യം തനിക്കുണ്ടെന്നും എന്നാല്‍ തന്നെ പോലെ ഒരു സിനിമാക്കാരന് ചില പിരിമിതികള്‍ക്കുള്ളില്‍ നിന്നേ ഇതെല്ലാം ചെയ്യാനാവൂ എന്നും മാരി സെല്‍വരാജ് പറഞ്ഞു. നടിമാരുടെ നിറത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് കുറച്ച് വിവാദമായല്ലോ... വെളുത്ത നായികമാരെ ഉപയോഗിക്കുന്നത് സത്യത്തില്‍ ഇത് ബിസിനസ് ട്രിക്ക് ആണോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോടായിരുന്നു മാരി സെല്‍വരാജിന്റെ മറുപടി.
ബിസിനസ് ട്രിക്ക് ആണോ എന്ന് ചോദിച്ചില്ലേ? ബിസിനസിനുള്ളിലാണ് സിനിമ. ആ ബിസിനസിനുള്ളില്‍ തന്റെ രാഷ്ട്രീയമാണ് ട്രിക്ക്. അതിന് ആ പ്രൊഡ്യൂസറെയും ആക്ടറെയും ആ മാര്‍ക്കറ്റിനെയും കണ്‍വീന്‍സ് ചെയ്ത് അതിനുള്ളില്‍ തന്റെ രാഷ്ട്രീയത്തെ ഒരു ട്രിക്ക് ആയി ഉള്ളില്‍ ഇടുകയാണ് ചെയ്യുന്നതെന്ന് മാരി സെല്‍വരാജ് മറുപടി പറഞ്ഞു.
ഇതൊന്നും താന്‍ ഒറ്റയ്‌ക്കെടുക്കുന്ന തീരുമാനമല്ല. അതിനുള്ള അധികാരം തനിക്ക് കിട്ടില്ല. തന്നെ പോലുള്ള ആളുകള്‍ സിനിമയെടുക്കാന്‍ വരുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ഉള്ള സ്വാതന്ത്ര്യം കിട്ടില്ലെന്നും മാരി സെല്‍വരാജ് പറഞ്ഞു.
മാരി സെല്‍വരാജിന്റെ വാക്കുകള്‍
സിനിമ എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ സിനിമ നല്‍കുന്ന സ്വാതന്ത്ര്യം എല്ലാ ഡയറക്ടര്‍മാര്‍ക്കും എഴുത്തുകാര്‍ക്കും ഉണ്ട്. അത് അവര്‍ ആസ്വദിക്കുന്നുമുണ്ട്. പക്ഷെ ഞങ്ങളെ പോലുള്ള ആള്‍ക്കാര്‍ ഈ കഥ പറയുമ്പോള്‍ സിനിമ നല്‍കുന്ന സ്വാതന്ത്ര്യം ഞങ്ങളില്‍ നിന്നും എടുക്കും. ആ സ്വാതന്ത്ര്യം നീ അനുഭവിക്കേണ്ടെന്ന് പറഞ്ഞാണ് അത് ചെയ്യുന്നത്. ഒരു സിനിമ എടുത്താല്‍ അതില്‍ ഞാന്‍ മാത്രമല്ല അതില്‍ ഉള്ളത്. അതിന് ഒരു പ്രൊഡ്യൂസര്‍ ഉണ്ട്. അദ്ദേഹമാണ് പണം തരുന്നത്. ബിസിനസ് ട്രിക്ക് ആണോ എന്ന് ചോദിച്ചില്ലേ? ബിസിനസിനുള്ളിലാണ് സിനിമ. ആ ബിസിനസിനുള്ളില്‍ എന്റെ രാഷ്ട്രീയമാണ് ട്രിക്ക്. അതിന് ആ പ്രൊഡ്യൂസറെയും ആക്ടറെയും ആ മാര്‍ക്കറ്റിനെയും കണ്‍വീന്‍സ് ചെയ്ത് അതിനുള്ളില്‍ എന്റെ രാഷ്ട്രീയത്തെ ഒരു ട്രിക്ക് ആയി ഉള്ളില്‍ ഇടുകയാണ് ചെയ്യുന്നത്.
ഞാനും എന്റെ രാഷ്ട്രീയവുമൊക്കെ ഏറ്റവും അവസാനമാണ് ഉള്ളത്. അപ്പോള്‍ നിങ്ങള്‍ ചോദിച്ച നടീ നടന്മാര്‍, ഈ വിഷയം, പൊളിറ്റിക്കല്‍ കറക്ട്‌നസ്, എന്നിവയൊക്കെ പിന്നെയാണ്. ഇപ്പോള്‍ സിനിമയിലെ രാഷ്ട്രീയം ചോദിച്ചപോലെ എന്നോട് വ്യക്തിപരമായി ഇവരെയെന്താ എടുക്കാത്തെ, അവരെയെന്താ എടുക്കാത്തെ എന്നിങ്ങനെയുള്ള ചോദ്യങ്ങളും വന്നു. ഇതെല്ലാം ഞാന്‍ മാത്രം എടുക്കുന്ന തീരുമാനമല്ല. അതിനുള്ള അധികാരം എന്റെ അടുത്തില്ലെന്ന് മനസിലാക്കൂ. ആ അധികാരം എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇതായിരിക്കില്ല. മറ്റൊന്നായിരിക്കും ചെയ്യുക.
എത്രത്തോളം അധികാരം തന്നിട്ടുണ്ടോ അതിനുള്ളില്‍ നിന്ന് രാഷ്ട്രീയം അടക്കം എനിക്ക് പറയാനുള്ള കാര്യങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത്രയും ചെയ്യുന്ന നീ അതുകൂടി ചെയ്യേണ്ടതല്ലേ എന്ന് ചോദിക്കുന്നത് ന്യായമാണ്. അത് ചെയ്യാതിരുന്നാല്‍ അത് തെറ്റ് തന്നെയാണ്. ഇല്ലെങ്കില്‍ ഞാന്‍ അതുപോലെ ഒരു സ്ഥലത്ത് എത്തണം. എന്റെ കൈയ്യില്‍ അത്രയും പണം ഉണ്ടാവണം. അത്രയും ആളുകള്‍ ഉണ്ടാവണം. ഞാന്‍ എടുക്കുന്ന ചിത്രം ആളുകള്‍ കാണുമെന്ന വിശ്വാസത്തെ കൊടുക്കണം. അതിലെ ലാഭവും നഷ്ടവും ഞാന്‍ തന്നെ ഉള്‍ക്കൊള്ളണമെന്ന നിലയില്‍ എനിക്ക് എത്താന്‍ പറ്റണം. പക്ഷെ മറ്റൊരാള്‍ വരുമ്പോള്‍ എനിക്ക് അത് ചെയ്യാന്‍ സാധിക്കില്ല.
ഇതു പോരാഞ്ഞ്, എന്നോട് നീ എന്താ ചെയ്യാത്തെ എന്ന് വീണ്ടും വീണ്ടും ചോദിച്ചാല്‍, എനിക്ക് വിഷമമുണ്ട്. എനിക്ക് ഇത് ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. എന്റെ നാട്ടിലെ ആളുകളെ ആളുകളെ മാത്രം വെച്ച് സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴും ഒരു അഞ്ച് പേരെ മാത്രമേ ഞാന്‍ നാട്ടില്‍ നിന്ന് കൂട്ടി പോവുകയുള്ളു.
വാഴൈ സിനിമയിലെ കഥാനായിക എന്റെ അമ്മയാണ്. ഹീറോയ്‌ക്കൊപ്പം ആര് വരുന്നോ അവരാണ് നായികയെന്നാണ് നമ്മുടെ ഒക്കെ തെറ്റിദ്ധാരണ. എന്റെ നായിക സഹോദരിയായിരിക്കാം. അമ്മയായിരിക്കാം. അതിനൊന്നും നിങ്ങള്‍ ഒരു മൂല്യവും കൊടുക്കില്ല. ഹീറോയെ പ്രേമിക്കുന്നവരാണ് നായികയെന്ന് നിങ്ങള്‍ ധരിച്ചാല്‍ എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഈ സിനിമയില്‍ തന്നെ നിങ്ങള്‍ ചിലപ്പോള്‍ ധ്രുവിനെ നായകനായി തോന്നാം. ചിലപ്പോള്‍ മറ്റു ചിലര്‍ക്ക് അവരുടെ അച്ഛന്‍ കഥാപാത്രം ചെയ്ത പശുപതിയെ ഹീറോയായി തോന്നാം. മറ്റൊരാള്‍ക്ക് രജിയാണ് ഹീറോ എന്ന് തോന്നാം. ഏത് കഥാപാത്രമാണോ നിങ്ങളെ ആഴത്തില്‍ തൊടുന്നത്, ആ കഥാപാത്രമാണ് സിനിമയുടെ ഹീറോ. എന്റെ സിനിമയില്‍ ധാരാളം കഥാപാത്രങ്ങള്‍ ഉണ്ട്. അതെല്ലാം വിട്ട് ഹീറോയെ മാത്രം എന്തിന് ഇന്നയാളെ വച്ചു എന്ന് ചോദിക്കുന്നു.
മറ്റൊരു കാര്യം അറിയാമോ, തുടക്ക കാലത്തൊക്കെ നിരവധി തമിഴ് നടിമാരോടൊക്കെ ചോദിച്ചിട്ടുണ്ട്. അവരൊക്കെ കഥ കേട്ട് ഓടുകയാണ് ചെയ്തത്. രാജി എന്ന കഥാപാത്രത്തിന് പലരെയും തീരുമാനിച്ച് പലരും അവസാന നിമിഷം ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞിട്ടുണ്ട്. സഹോദരി കഥാപാത്രമാണെന്ന് പറഞ്ഞാണ് പലരും പോയത്. ആ വേദനയുണ്ട്. പക്ഷെ ഇത് സിനിമയാണ്. അവരോടും ഒന്നും പറയാന്‍ പറ്റില്ല. കാരണം അവര്‍ക്കും മുന്നോട്ടുള്ള ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടാകും. അവരുടെ ഭാഗത്തും ന്യായമുണ്ട്. അതും നമ്മള്‍ മനസിലാക്കണം. ആരുടെ അടുത്ത് ഇത് പറഞ്ഞാല്‍ മനസിലാകും എന്ന് ആലോചിച്ച് താന്‍ രജിഷയെ വിളിക്കുന്നത്. സഹോദരി കഥാപാത്രത്തിന് ആളെ കിട്ടിയില്ല. നീ ചെയ്യുമോ എന്ന് ചോദിക്കുന്നു. അവര്‍ ശരി എന്ന് പറയുന്നു.
നിങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍ ചെയ്യുന്നത് തെറ്റാണെന്നും എനിക്കും അറിയാം. പക്ഷെ വേറെ വഴിയില്ലല്ലോ. സിനിമയ്ക്കുള്ളിലാണ് ഞാനും ഉള്ളത്.