ഡാന്‍സ് നമ്പറിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കുന്നത് മാധ്യമങ്ങളാണെന്ന് ബോളിവുഡ് താരം സണ്ണി ലിയോണി. ആളുകള്‍ക്ക് എന്റര്‍ട്ടെയിന്‍മെന്റ് കൊടുക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്നും സണ്ണി ലിയോണി പറഞ്ഞു. പേട്ട റാപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സണ്ണി ലിയോണി.
'ഡാന്‍സ് നമ്പര്‍ ഒബ്‌ജെക്റ്റിഫിക്കേഷനാണ് എന്ന് പറയുന്നത് മാധ്യമങ്ങളാണ്. കാരണം ഞങ്ങള്‍ അവരവരുടെ പാട്ടുകളുടെ സംഗീതമാണ് ആസ്വദിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ചിലപ്പോള്‍ പാട്ട് കാണുന്നത് അതിന്റെ സംഗീതം കേട്ടിട്ടായിരിക്കാം. കേരളത്തിലെ ജനങ്ങള്‍ അത്തരത്തിലൊരു പാട്ട് കണ്ട് സ്‌റ്റേജില്‍ കയറി ഡാന്‍സ് കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് ഒബ്‌ജെക്റ്റിഫിക്കേഷനല്ല, ആസ്വദിക്കുന്നതാണ്', സണ്ണി ലിയോണി പറഞ്ഞു.
'ആളുകള്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് കൊടുക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഡാന്‍സ് നമ്പര്‍ ശരീരത്തിന്റെ ഒബ്‌ജെക്റ്റിഫിക്കേഷനാണ് എന്ന് പറയുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. ഈ വിമര്‍ശനങ്ങള്‍ നിര്‍ത്തണം. സിനിമ എന്നും നിലനില്‍ക്കണം. അത് നടക്കണമെങ്കില്‍ നാമെല്ലാം ഒന്നിച്ചു നില്‍ക്കണം. ഇല്ലെങ്കില്‍ ആര്‍ക്കും ജോലി ഉണ്ടാവില്ല. പുറത്തുവരുന്ന എല്ലാം സിനിമകളേയും പിന്തുണക്കണം, സ്‌നേഹിക്കണ'മെന്നും സണ്ണി ലിയോണി കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തിലും സണ്ണി ലിയോണി പ്രതികരിച്ചിരുന്നു. 'എനിക്ക് എന്റെ അനുഭവത്തില്‍ നിന്നേ സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം', എന്നാണ് താരം പറഞ്ഞത്.