കൊങ്കണ സെന്‍ ശർമ  Source : YouTube Screen Grab
MOVIES

"പ്രണയം 20കളില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല"; മെട്രോ ഇന്‍ ദിനോ പറയുന്നതും അതുതന്നെയാണെന്ന് കൊങ്കണ

18 വര്‍ഷങ്ങള്‍ക്ക് ശേഷം അനുരാഗ് ബാസു 'മെട്രോ ഇന്‍ ദിനോ'യുമായി തിരിച്ചെത്തുമ്പോള്‍ ജീവിതത്തിലെ നിരവധി കഷ്ടപ്പാടുകളിലൂടെ സഞ്ചരിച്ച് കൂടുതല്‍ മുംബൈ നഗരത്തില്‍ പ്രണയം കണ്ടെത്തുന്ന നാല് ദമ്പതികളെയാണ് ചിത്രം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡിന്റെ ഐകോണിക് റൊമാന്റിക് കോമഡികള്‍ക്കായി പ്രേക്ഷകര്‍ കൊതിക്കുന്ന കാലഘട്ടത്തില്‍ അനുരാഗ് ബാസുവിന്റെ 'മെട്രോ ഇന്‍ ദിനോ' റിലീസ് ചെയ്തിരിക്കുകയാണ്. 2007ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രം 'ലൈഫ് ഇന്‍ എ മെട്രോ'യുടെ തുടര്‍ച്ചയാണ് ഈ ചിത്രം. 'ലൈഫ് ഇന്‍ എ മെട്രോ'യെയും 'മെട്രോ ഇന്‍ ദിനോ'യെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട വ്യക്തി നടി കൊങ്കണ സെന്‍ ശര്‍മയാണ്. ആദ്യ ഭാഗത്തില്‍ ഇര്‍ഫാന്‍ ഖാന്റെ നായികയായി അഭിനയിച്ച കൊങ്കണയ്ക്ക് ഇത് കയ്പും മധുരവും ചേര്‍ന്നൊരു അനുഭവമാണ്.

തിരക്കേറിയ മുംബൈയില്‍ ജീവിക്കുന്ന ഒമ്പത് പേരുടെ കഥയായിരുന്നു 'ലൈഫ് ഇന്‍ എ മെട്രോ'. വിവാഹേതര ബന്ധങ്ങള്‍, പ്രതിബദ്ധത ഭയം തുടങ്ങിയ പ്രശ്നങ്ങളെ അവര്‍ നേരിടുന്നതും പ്രണയത്തിലാകുന്നതും, പ്രണയത്തില്‍ നിന്ന് അകന്നുപോകുന്നതും, എന്നിട്ടും വിട്ടുവീഴ്ചയുടെ ജീവിതം നയിക്കാന്‍ തീരുമാനിക്കുന്നതും ഇതിന്റെ കഥയാണ്.

18 വര്‍ഷങ്ങള്‍ക്ക് ശേഷം അനുരാഗ് ബാസു 'മെട്രോ ഇന്‍ ദിനോ'യുമായി തിരിച്ചെത്തുമ്പോള്‍ ജീവിതത്തിലെ നിരവധി കഷ്ടപ്പാടുകളിലൂടെ സഞ്ചരിച്ച് കൂടുതല്‍ മുംബൈ നഗരത്തില്‍ പ്രണയം കണ്ടെത്തുന്ന നാല് ദമ്പതികളെയാണ് ചിത്രം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍ കൊങ്കണ സെന്‍ ശര്‍മ തന്റെ സഹ നടനായിരുന്ന ഇര്‍ഫാന്‍ ഖാനെ കുറിച്ചും ഏത് പ്രായത്തിലും പ്രണയം കണ്ടെത്തുന്നതിനെ കുറിച്ചും സംസാരിച്ചു.

'മെട്രോ ഇന്‍ ദിനോയില്‍' കാജല്‍ എന്ന കഥാപാത്രത്തെയാണ് കൊങ്കണ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പങ്കജ് തൃപാഠി അവതരിപ്പിച്ച മോണ്ടി എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് കൊങ്കണ. ആദ്യ ഭാഗത്തില്‍ ശ്രുതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സിനിമയില്‍ അവസാനം ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിച്ച മോണ്ടി എന്ന കഥാപാത്രവുമായി പ്രണയത്തിലാവുകയാണ് ശ്രുതി ചെയ്യുന്നത്.

സിനിമയ്ക്ക് ശേഷവും ഇര്‍ഫാനുമായി സുഹൃദ്ബന്ധം ഉണ്ടായിരുന്നുവെന്ന് കൊങ്കണ പറഞ്ഞു. 2020ല്‍ കാന്‍സര്‍ ബാധിതനായ ഇര്‍ഫാന്‍ അന്തരിച്ചിരുന്നു. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമല്ല ഉണ്ടായിരുന്നതെന്നും എന്നിരുന്നാലും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും നടി പറഞ്ഞു. ഇര്‍ഫാനെ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ടെന്നും കൊങ്കണ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആദ്യ ഭാഗത്തിലെ ഒരേ ഒരു അഭിനേതാവ് എന്ന നിലയില്‍ പുതിയ സിനിമയിലേക്ക് വരുമ്പോള്‍ പ്രണയത്തെ കുറിച്ചുള്ള തന്റെ ആശയം എങ്ങനെ വികസിച്ചുവെന്നതിനെ കുറിച്ചും കൊങ്കണ സംസാരിച്ചു. "പ്രായം കൂടും തോറും പ്രണയം എങ്ങനെ വികസിക്കുന്നുവെന്ന് നിര്‍വചിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രണയം വളരെ വലുതാണ്. അത് സങ്കീര്‍ണമായൊരു വികാരമാണ്. അതുകൊണ്ടാണ് നാല് വ്യത്യസ്തരായ ദമ്പതികളിലൂടെ അനുരാഗ് അത് പറയാന്‍ കാരണം എന്ന് ഞാന്‍ കരുതുന്നു. നമ്മള്‍ ഒരു കാര്യം മനസിലാക്കണം. ഇരുപതുകളില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല പ്രണയം", എന്നാണ് താരം പറഞ്ഞത്.

ഇതു തന്നെയാണ് 'ലൈഫ് ഇന്‍ എ മെട്രോ', 'മെട്രോ ഇന്‍ ദിനോ' എന്നീ സിനിമകളും പറഞ്ഞുവെക്കുന്നത്. പ്രണയത്തിന് ഏത് പ്രായത്തിലും നമ്മെ കണ്ടെത്താനാകും എന്ന്.

SCROLL FOR NEXT