തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ച മോഹൻലാലിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാകും 'വാനോളം മലയാളം, ലാല്‍ സലാം' എന്ന പരിപാടിയെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടനെ ആദരിക്കുന്ന പരിപാടി. ഉദ്ഘാടന ചടങ്ങില്‍ കേരള സർക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കും.
'വാനോളം മലയാളം, ലാല്‍ സലാം' പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. 10,000 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. അല്ലാതെ 10,000 പേർക്കുള്ള സൗകര്യങ്ങളും ക്രമീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ക്രമീകരണങ്ങളാകും ഏര്‍പ്പെടുത്തുക. സുരക്ഷയൊരുക്കാന്‍ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. അടൂർ ഗോപാലകൃഷ്ണന്‍, ജോഷി, രഞ്ജിനി, അംബിക തുടങ്ങിയവരാണ് ചടങ്ങിലെ വിശിഷ്ട അതിഥികള്‍.
ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നടക്കുന്ന കലാസമർപ്പണം 'രാഗം മോഹനം' ടി.കെ. രാജീവ് കുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യന്‍ കലാമണ്ഡലം സുബ്രഹ്‌മണ്യന്‍ ആശാന്‍ തിരനോട്ടം അവതരിപ്പിക്കും. തുടർന്ന് മോഹന്‍ലാല്‍ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങള്‍ പ്രമുഖ പിന്നണി ഗായകർ ആലപിക്കും. എം.ജി. ശ്രീകുമാറിന്റെ ഗാനത്തോടെയാണ് പരിപാടി ആരംഭിക്കുക.
ഗായികമാരായ സുജാത മോഹന്‍, ശ്വേതാ മോഹന്‍, സിത്താര, ആര്യ ദയാല്‍, മഞ്ജരി, ജ്യോത്സന, മൃദുല വാര്യര്‍, നിത്യ മാമന്‍, സയനോര, രാജലക്ഷ്മി റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ് എന്നിവര്‍ മോഹന്‍ലാല്‍ സിനിമകളിലെ ഹൃദ്യമായ മെലഡികള്‍ അവതരിപ്പിക്കും. മോഹന്‍ലാലും ഗാനം ആലപിച്ചുകൊണ്ട് ഇവർക്കൊപ്പം ചേരും. മോഹന്‍ലാല്‍ സിനിമകളിലെ നായികമാരായ ഉര്‍വശി, ശോഭന, മേനക,മീന, ലിസി, അംബിക, രഞ്ജിനി, രമ്യ കൃഷ്ണന്‍, മാളവിക മോഹന്‍ എന്നിവരും ലാല്‍ സലാമില്‍ പങ്കെടുക്കും. ചടങ്ങില്‍ പ്രഭാവർമ എഴുതിയ വരികളോട് കൂടിയ പ്രശസ്തി പത്രം മോഹന്‍ലാലിന് മുഖ്യമന്ത്രി സമ്മാനിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ചടങ്ങിന്റെ അധ്യക്ഷന്‍. സാംസ്കാരിക വകുപ്പ് മന്ത്രി സ്വാഗതം ആശംസിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഭഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോണ്‍ ബ്രിട്ടാസ്, ആന്റണി രാജു എംഎല്‍എ, മേയർ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ , സാസ്കാരിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ചലച്ചിത്ര അക്കാദമി ചെയർമാന്‍ പ്രേംകുമാർ, ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാന്‍ കെ. മധുപാല്‍, ചലച്ചിത്ര വികസന കോർപ്പറേഷന്‍ മാനേജിങ് ഡയറക്ടർ പ്രിയദർശന്‍ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും. കെഎസ്‌എഫ്‌ഡിസി ചെയർമാന്‍ കെ. മധു ചടങ്ങില്‍ നന്ദി രേഖപ്പെടുത്തും.