2024 മോഹന്‍ലാല്‍ എന്ന നടന് അത്ര മികച്ച വര്‍ഷമായിരുന്നില്ല. മലൈകോട്ട വാലിഭനില്‍ നിന്ന് തുടങ്ങി ബറോസില്‍ അവസാനിക്കുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് മോഹന്‍ലാല്‍ എന്ന നടന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ 2025ലേക്ക് വരുമ്പോള്‍ തുടരും മുതല്‍ എമ്പുരാന്‍ വരെ നിരവധി സിനിമകളാണ് മോഹന്‍ലാലിന്റേതായി വരാനിരിക്കുന്നത്. അതില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്തുകൊണ്ടും പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ്. അതിന് ഒരു പ്രധാന കാരണം ശോഭന-മോഹന്‍ലാല്‍ കൂട്ടുകെട്ടാണ്.
നിരവധി സിനിമകളില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അവസാനമായി അവര്‍ ഒന്നിച്ചത് 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ്. തുടരും മോഹന്‍ലാലും ശോഭനയും ഒരുമിച്ച് അഭിനയിക്കുന്ന 56-ാമത് ചിത്രം കൂടിയാണ്. ശോഭനയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതിനെ കുറിച്ച് അടുത്തിടെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ സംസാരിച്ചിരുന്നു.
'കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. തുടരും ഒരു വൈകാരികമായ സിനിമയാണ്. അതില്‍ ശോഭന മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അവര്‍ അതിഗംഭീരമായൊരു അഭിനേത്രിയാണ്. അവര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതില്‍ സന്തോഷമുണ്ട്', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
തുടരും ജനുവരി 30നാണ് തിയേറ്ററിലെത്തുന്നത്. തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ സിനിമയാണിത്. മോഹന്‍ലാലിന്റെ 360-ാമത്തെ സിനിമ കൂടിയാണ് തുടരും. നാട്ടിന്‍ പുറത്തെല്ലാം കാണുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.