MOVIES

എല്‍ 360 എന്നെത്തും? റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് പുറത്ത്

ആശിര്‍വാദ് സിനിമാസാണ് എല്‍360യുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന എല്‍ 360യുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. ചിത്രം 2025 ജനുവരിയില്‍ റീലീസ് ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളുടെ സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ തരുണ്‍ മൂര്‍ത്തിയുമായി മോഹന്‍ലാല്‍ തന്റെ 360 ആമത്തെ സിനിമയ്ക്ക് കൈ കോര്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്‌നാട്ടിലെ തേനിയില്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍, എല്‍360 2024 അവസാന ഘട്ടത്തില്‍ റീലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഫാമിലി ഡ്രാമ ജോണര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്ന ചിത്രത്തിന്റെ റീലീസ് 2025 ലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം 2025 ജനുവരി 23ന് തിയേറ്ററിലെത്തും. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.



ചിത്രത്തിന്റെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും സംഘവും ആലോചിക്കുന്നത്. പിന്നീട്, ടീം ഉടന്‍ തന്നെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ റിലീസിന് ശേഷമേ ചിത്രം തിയേറ്ററുകളില്‍ എത്തുകയുള്ളൂവെന്ന് ആശിര്‍വാദ് സിനിമാസിന്റെ പുതിയ അപ്‌ഡേറ്റ്‌സ് സൂചിപ്പിക്കുന്നു. ആശിര്‍വാദ് സിനിമാസാണ് എല്‍360യുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നാണ് സൂചന. മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ആര്‍ഷ ചാന്ദിനി ബൈജു, ബിനു പപ്പു തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നടി ശോഭനയാണ് നായികയായി എത്തുന്നത്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം ശോഭന മലയാളത്തിലേക്കു തിരിച്ചുവരുന്ന സിനിമയാണ് എല്‍ 360. സുനില്‍ കെആറും തരുണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും ഒരുക്കിയിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് എല്‍ 360 നിര്‍മ്മിച്ചിരിക്കുന്നത്.


SCROLL FOR NEXT