മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ ശ്രീലങ്കയിലെത്തിയതാണിപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ച. ശ്രീലങ്കന്‍ ടൂറിസം പേജിലൂടെയാണ് ആദ്യം മോഹന്‍ലാലിനെ സ്വീകരിച്ചുകൊണ്ടുള്ള പോസ്റ്റ് വന്നത്. അതിന് പിന്നാലെ ശ്രീലങ്കന്‍ പാര്‍ലമെന്റിലും താരത്തെ ആദരിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ശ്രീലങ്കയില്‍ നിന്നും ലഭിച്ച ആദരത്തില്‍ സന്തോഷമറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
"ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ലഭിച്ച ഹൃദ്യമായ സ്വീകരണത്തില്‍ ഞാന്‍ ആദരിക്കപ്പെട്ടു. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കര്‍ ഡോ. ജഗത് വിക്രമരത്ന, ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹ്, എന്റെ പ്രിയ സുഹൃത്ത് ഇഷാന്ത രത്നായക എന്നിവരെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ശ്രീലങ്കയിലേക്കുള്ള ഈ സന്ദര്‍ശനത്തെ അവിസ്മരണീയമാക്കിയ എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവനാണ്", എന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
മമ്മൂട്ടി കൂടി കേന്ദ്ര കഥാപാത്രമായ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയില്‍ ആരംഭിച്ചത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സീനുകളായിരിക്കും ശ്രീലങ്കയില്‍ ചിത്രീകരിക്കുക. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. 80 കോടിയോളം വരുന്ന ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍വഹിക്കുന്നത്.
ബോളിവുഡില്‍ പ്രശസ്തനായ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്റം പ്രവീണ്‍.