മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍, കല്യാണി പ്രിയദർശന്‍ ചിത്രം ലോക ചാപ്റ്റർ 1 ചന്ദ്ര 
MOVIES

'ലോക'യ്ക്ക് മുന്നില്‍ എമ്പുരാന്‍ വീഴുമോ? ചരിത്രത്തിന് അരികെ കല്യാണി പ്രിയദർശന്‍ ചിത്രം

മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയാണ് 'ലോക'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ അത്ഭുതമാകുകയാണ് മലയാള ചിത്രം 'ലോക ചാപ്റ്റർ 1 ചന്ദ്ര'. സ്ത്രീ കേന്ദ്രീകൃത സൂപ്പർ ഹീറോ മൂവിക്ക് മുന്നില്‍ റെക്കോർഡുകള്‍ വഴിമാറുകയാണ്. ചിത്രത്തിലെ നായിക കല്യാണി പ്രിയദർശനാണ് ഇപ്പോള്‍ ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാവൃത്തങ്ങളില്‍ ചർച്ചാവിഷയം. സിനിമയുടെ കളക്ഷന്‍ പ്രതിദിനം ഉയരുമ്പോള്‍ പുതിയ ചരിത്രം കൂടിയാണ് രചിക്കപ്പെടുന്നത്.

മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഈ ഡൊമിനിക് അരുൺ ചിത്രം. നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്സ്ഓഫീസിൽ കോടികൾ കൊയ്യുന്നതും അപൂർവ കാഴ്ചയാണ്. ഏകദേശം 30 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ഈ നേട്ടത്തിന്റെ പ്രാധാന്യം ഇരട്ടിപ്പിക്കുന്നു.

ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച 'ലോക' ഓണം റിലീസായി ഓഗസ്റ്റ് 28ന് ആണ് റിലീസ് ആയത്. ഒപ്പം റിലീസ് ആയ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ'ത്തെ മറികടന്ന് കക്ഷനില്‍ ബഹുദൂരം മുന്നിലാണ് ഈ കല്യാണി പ്രിയദർശന്‍ ചിത്രം. 'ലോക' തിയേറ്റുകളില്‍ നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി തകരാന്‍ പോകുന്നു.

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'എമ്പുരാന്‍' ആണ് നിലവില്‍ മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം. എന്നാല്‍, ആ റെക്കോർഡ് ഇന്ന് 'ലോക'യുടെ കൈ അകലത്തിലാണ്. സിനിമാ ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് എമ്പുരാന്റെ ആഗോള ഗ്രോസ് കളക്ഷന്‍‌ 265.50 കോടി രൂപയാണ്. ഇന്നലെ (സെപ്റ്റംബർ 18) വരെയുള്ള കണക്കുകള്‍ പ്രകാരം ലോക ഇതുവരെ 260 കോടി രൂപ ആഗോള ബോക്സ്ഓഫീസില്‍ നിന്ന് നേടിക്കഴിഞ്ഞു. അതായത് മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു ഏടാകാന്‍ ലോകയ്ക്ക് ഇനി വേണ്ടത് വെറും ആറ് കോടി രൂപയുടെ തിയേറ്റർ കളക്ഷന്‍ മാത്രം.

മലയാള സിനിമയെ സംബന്ധിച്ച് ലോകയിലുള്ള പ്രതീക്ഷകള്‍ അവിടെയും അവസാനിക്കുന്നില്ല. ചിത്രം 300 കോടി ക്ലബിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. അത്ര കണ്ട് ചർച്ചാ വിഷയമാണ് മറ്റ് ഭാഷകളില്‍ ഈ സിനിമ.

SCROLL FOR NEXT