അജയ് ദേവ്ഗണ്‍, മോഹന്‍ലാല്‍ 
MOVIES

അജയ് ദേവ്ഗണ്‍ 'തുടരും' റീമേക്ക് ചെയ്യുമോ? "പ്ലീസ്... വേണ്ടാ" എന്ന് ആരാധകര്‍

അജയ് ദേവ്ഗണ്‍ 'തുടരും' റീമേക്ക് ചെയ്യുമോ എന്ന ചര്‍ച്ചകളും സമൂഹമാധ്യമത്തില്‍ നടക്കുന്നുണ്ട്. ഇതുവരെ അക്കാര്യത്തില്‍ ഒരു ഔദ്യോഗിക പ്രഖ്യാപനങ്ങളും വന്നിട്ടില്ല

Author : ന്യൂസ് ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മെയ് 30ന് ചിത്രം ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റിലീസിന് പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ താരത്തിനോടുള്ള സ്‌നേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ബോളിവുഡ് താരം അജയ് ദേവ്ഗണിനോട് തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്.

"മലയാളികളുടെ ഒരിക്കലും അവസാനിക്കാത്ത പ്രണയ കഥ" എന്നാണ് എക്‌സില്‍ ഒരു ആരാധകന്‍ കുറിച്ചത്. "ഈ മാജിക് നിരവധി തവണ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത് വ്യത്യസ്തവും പ്രത്യേകത നിറഞ്ഞതുമാണ്", എന്നാണ് മറ്റൊരു ആരാധകന്‍ എഴുതിയത്.

അജയ് ദേവ്ഗണ്‍ തുടരും റീമേക്ക് ചെയ്യുമോ എന്ന ചര്‍ച്ചകളും സമൂഹമാധ്യമത്തില്‍ നടക്കുന്നുണ്ട്. ഇതുവരെ അക്കാര്യത്തില്‍ ഒരു ഔദ്യോഗിക പ്രഖ്യാപനങ്ങളും വന്നിട്ടില്ല. എങ്കിലും അതിന്റെ സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

"ദൃശ്യം റീമേക്ക് ചെയ്തത് പോലെ അജയ് ദേവ്ഗണിന് ഒരിക്കലും തുടരും റീമേക്ക് ചെയ്യാന്‍ ആവില്ല. കാരണം തുടരുമിന്റേത് മികച്ച തിരക്കഥയാണെന്ന് മാത്രമല്ല അത് ഇന്ത്യയിലെ മികച്ച നടനുള്ള ഒരു സമര്‍പ്പണവും ആഘോഷവുമാണ്. ആര്‍ക്കും അദ്ദേഹത്തെ മാറ്റാന്‍ ആവില്ല", എന്നാണ് ആരാധകരുടെ അഭിപ്രായം.

അജയ് ദേവ്ഗണ്‍ ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളുടെ ഹിന്ദി റീമേക്കിലും മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടി എന്ന കഥാപാത്രമായാണ് എത്തിയത്. ഹിന്ദി റീമേക്കില്‍ വിജയ് എന്നായിരുന്നു ദേവ്ഗണിന്റെ കഥാപാത്രത്തിന്റെ പേര്. ദൃശ്യം 3 പ്രഖ്യാപനത്തിന് ശേഷം അതും അജയ് ദേവ്ഗണ്‍ റീമേക്ക് ചെയ്യുമോ എന്ന ചര്‍ച്ചകള്‍ നടന്നിരുന്നു.

ഏപ്രില്‍ 25നാണ് തുടരും തിയേറ്ററിലെത്തിയത്. റാന്നിയിലെ ഒരു ഗ്രാമത്തിലെ ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറുടെ കഥയാണ് 'തുടരും' പറയുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

SCROLL FOR NEXT