ജയിലർ 2ൽ മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട് 
MOVIES

"എന്താ മോനേ, കമന്റ് സെക്ഷന് ഒരു ചെരിവ്"; ട്രെൻഡിങ് ആയി മോഹൻലാലിന്റെ 'ജയിലർ 2' ലുക്ക്, സുരാജിനും കയ്യടി

പത്ത് മില്യണിൽ അധികം പേരാണ് 'ജയിലർ 2' ട്രെയ്‌ലർ യൂട്യൂബിൽ കണ്ടത്

Author : ന്യൂസ് ഡെസ്ക്

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത 'ജയിലർ 2'ന്റെ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ്. ഇതിനോടകം 10 മില്യണിൽ അധികം പേരാണ് യൂട്യൂബിൽ ട്രെയ്‌ലർ കണ്ടത്. ട്രെയ്‌‍ലറിലെ സുരാജ് വെഞ്ഞാറമൂടിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ശ്രദ്ധേയമാണ്.

'ജയിലർ' ആദ്യ ഭാഗത്തിൽ വിനായകനാണ് വില്ലനായി തിളങ്ങിയതെങ്കിൽ ഇത്തവണ സൂരാജാണ് ആ റോളിൽ. ദിലീപ് എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. ട്രെയ്‌ലറിൽ അതീവ പ്രാധാന്യത്തോടെയാണ് ഈ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത്.

അതേസമയം, വെറും രണ്ട് സെക്കൻഡ് മാത്രമാണ് മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം ട്രെയ്‌ലറിൽ പ്രത്യക്ഷപ്പെടുന്നത്. ചുരുങ്ങിയ സ്ക്രീൻ ടൈം കൊണ്ട് തന്റെ ഫാൻ പവർ തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. കമന്റ് സെക്ഷനിലും സമൂഹമാധ്യമങ്ങളിലും മോഹൻലാലിന്റെ സ്റ്റൈലിഷ് എൻട്രി ആഘോഷമാക്കുകയാണ് ആരാധകർ. "എന്താ മോനേ കമന്റ് സെക്ഷന് ഒരു ചെരിവ്", "രോമാഞ്ചം", "ലാലേട്ടൻ ഓറ" എന്നിങ്ങനെ പോകുന്നു കമന്റുകൾ.

മോഹൻലാലിന് പുറമേ ശിവ് രാജ്‌കുമാര്‍, ജാക്കി ഷ്റോഫ്, വിദ്യാ ബാലൻ, എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ ഒരു സർപ്രൈസ് കാമിയോയും ചിത്രത്തിലുണ്ടാകുമെന്ന് ട്രെയ്‌ലറിൽ സൂചനയുണ്ട്. സില്ലൗട്ടിൽ, ഒരു ബാക്ക് ഷോട്ടിലൂടെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരം ഹൃത്വിക് റോഷൻ ആണിതെന്നാണ് ആരാധകർക്കിടയിലെ ചർച്ച.

മലയാളത്തില്‍ നിന്ന് മോഹൻലാലിനേയും സുരാജിനേയും കൂടാതെ, ഹക്കിം ഷാജഹാൻ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഖദ, ഷംന കാസിം, രാജേഷ് മാധവൻ, അന്ന രേഷ്മ രാജൻ എന്നിവരും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ 15നാണ് 'ജയിലർ 2' ആ​ഗോള റിലീസ്. കേരളത്തിലും കര്‍ണാടകത്തിലും ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

SCROLL FOR NEXT